പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിനെ അനുകൂലിക്കുന്ന നിലപാട് ആവര്‍ത്തിച്ച് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മന്ത്രിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊലീസിന് നല്‍കിയ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എഡിഎം മരിച്ച ശേഷം എടുത്ത ആദ്യ നിലപാട് തന്നെയാണ് ഇപ്പോഴുമെന്നും കെ രാജന്‍ പറഞ്ഞു. കളക്ടറുടെ മൊഴിയില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'മരണത്തിന് ശേഷം കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് അവിടെ നടന്ന കാര്യങ്ങളെ കുറിച്ചാണ്. അന്വേഷണം നടക്കുന്നതിനിടെ കണ്ണൂര്‍ കളക്ടറുടെ പരാമര്‍ശത്തോട് പരസ്യമായി പ്രതികരിക്കുന്നില്ല. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് ഉടന്‍ കൈമാറും. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണം എഡിഎം കൈകാര്യം ചെയ്ത ഫയലിനെ കുറിച്ചാണ് അല്ലാതെ കുറ്റകൃത്യത്തെ കുറിച്ചല്ല', മന്ത്രി പറഞ്ഞു.
അതേസമയം ജില്ലാ കളക്ടറുടെ മൊഴിയില്‍ വ്യക്തതയില്ലെന്ന് പി പി ദിവ്യ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. തെറ്റ് ചെയ്തുവെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള മൊഴി പരിശോധിക്കണമെന്നും ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട്.
താന്‍ യാത്രയയപ്പ് ചടങ്ങിനെത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ടാണെന്ന മൊഴിയില്‍ പി പി ദിവ്യ ഉറച്ചുനില്‍ക്കുകയാണ്. അഴിമതിക്കെതിരെയാണ് താന്‍ സംസാരിച്ചതെന്നും ദിവ്യ മൊഴി നല്‍കി. ദിവ്യയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ദിവ്യയ്ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
Content Highlights: K Rajan against Kannur Collector Arun K Vijayan