പുനരധിവാസം എവിടെ? കൽപ്പറ്റയിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പ്രതിഷേധം

നിലവിൽ വാടക വീടുകളിൽ താമസിക്കുന്നവർക്കും കൃത്യമായി ധനസഹായം ലഭിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്

dot image

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പ്രതിഷേധം. കലക്ടറേറ്റിനു മുൻപിലാണ് ദുരന്തബാധിതർ പ്രതിഷേധ ധർണ നടത്തുന്നത്. ജനശബ്ദം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണ. പുനരധിവാസത്തിലെ സർക്കാരിന്റെ മെല്ലെ പോക്കിനെതിരെയാണ് പ്രതിഷേധം.

നേരത്തെ ഉരുൾപൊട്ടൽ ദുരന്തബാധിതരായ 130-ഓളം കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭിച്ചിട്ടില്ല എന്ന വാർത്ത പുറത്ത് വന്നിരുന്നു. നിലവിൽ വാടക വീടുകളിൽ താമസിക്കുന്നവർക്കും കൃത്യമായി ധനസഹായം ലഭിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. കടം എഴുതി തള്ളുക തുടങ്ങി നിരവധി വാഗ്ദാനങ്ങൾ സർക്കാർ നൽകിയെങ്കിലും ഒന്നും നടപ്പിലാക്കിയില്ലെന്ന ആരോപണവും ഇവർ ഉയർത്തുന്നുണ്ട്. വയനാട് ദുരിത ബാധിതർക്കായി കോടികണക്കിന് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയിട്ടും പുനരധിവാസം വൈകുന്നത് എന്ത് കൊണ്ടാണെന്നും ഇവർ ചോദിക്കുന്നു.

കഴിഞ്ഞ ജൂലൈ 30 നാണ് വയനാടിന്റെ ഹൃദയത്തെ തകർത്ത് മുണ്ടക്കൈ- ചൂരൽമല ദുരന്തം സംഭവിക്കുന്നത്. ഏതാണ്ട് നാനൂറിലേറെപ്പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. 47ഓളം പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുണ്ടക്കൈയിലും ചൂരൽമലയിലുമായി ഏതാണ്ട് മൂവായിരത്തോളം പേരുടെ ജീവിതത്തെയാണ് ദുരന്തം അക്ഷരാർത്ഥത്തിൽ തകർത്തെറിഞ്ഞത്.

Content Highlights: Mundakai disaster victims with strike at Collectorate

dot image
To advertise here,contact us
dot image