താക്കോൽ കോൺഗ്രസ് പ്രവർത്തകരുടെ കയ്യിൽ കൊടുത്തയച്ച് ബാങ്ക്; ഭിന്നശേഷിക്കാരൻ്റെ വീട് ജപ്തിയിൽ പ്രതിഷേധം ശക്തം

കോണ്‍ഗ്രസ് ഭരിക്കുന്ന ആലുവ അര്‍ബന്‍ കോര്‍പ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യില്‍ താക്കോല്‍ കൊടുത്തയക്കുകയായിരുന്നു

dot image

ആലുവ: ആലുവയില്‍ ഭിന്നശേഷിക്കാരനേയും കുടുംബത്തേയും പുറത്താക്കി ബാങ്ക് വീട് പൂട്ടിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ആലുവ അര്‍ബന്‍ കോര്‍പ്പറേറ്റീവ് ബാങ്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യില്‍ താക്കോല്‍ കൊടുത്തയച്ചതിലാണ് ഇപ്പോള്‍ നാട്ടുകാരും വീട്ടുകാരും പ്രതിഷേധിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവര്‍ വന്ന് താക്കോല്‍ കൈമാറണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വീട്ടുകാര്‍ താക്കോല്‍ സ്വീകരിച്ചില്ല.

വീട് പൂട്ടിയിട്ട് മണിക്കൂറുകളായെങ്കിലും ബാങ്ക് അധികൃതര്‍ വീട്ടിലെത്തിയില്ലെന്ന പ്രതിഷേധവും കുടുംബം അറിയിക്കുന്നു. 'രണ്ട് മണി മുതല്‍ കുട്ടി പുറത്താണ്. ഇതുവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ എംഎല്‍എയോ വാര്‍ഡ് മെമ്പറോ തിരിഞ്ഞ് നോക്കിയില്ല. ജനങ്ങള്‍ കൂടി നിന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിക്കുകയായിരുന്നു. അത് നിയമപരമായി ഏല്‍പ്പിക്കണം. ബാങ്കിലെ ഉദ്യോഗസ്ഥന്‍ ഏല്‍പ്പിക്കും. എന്ത് വിശ്വസിച്ച് താക്കോല്‍ വാങ്ങിക്കും. ഉത്തരവാദിത്തപ്പെട്ടവര്‍ ഉറപ്പ് നല്‍കണം', കുടുംബം പറയുന്നു.

ആലുവ കീഴ്മാട് സ്വദേശി വൈരമണിക്കും കുടുംബത്തിനുമാണ് ദുരനുഭവം നേരിട്ടത്. ഇന്ന് ഉച്ചയോടെയാണ് വൈരമണിയുടെ വീട്ടില്‍ ജപ്തി നടപടികള്‍ നടന്നത്. അര്‍ബന്‍ ബാങ്കില്‍ നിന്ന് 2017 ല്‍ പത്ത് ലക്ഷത്തോളം രൂപ വായ്പയെടുത്തു എന്നാണ് വൈരമണി പറയുന്നത്. പത്ത് വര്‍ഷമായിരുന്നു കാലാവധി. മൂന്ന് വര്‍ഷം കൊണ്ട് ഒന്‍പത് ലക്ഷത്തോളം രൂപ തിരിച്ചടച്ചു. പ്രതിഷേധം ശക്തമായതോടെ ഉടന്‍ അധികൃതരെത്തുമെന്ന് ബാങ്ക് പ്രസിഡന്‍റ് അബ്ദുല്‍ മുത്തലിബ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

കൊവിഡ് വന്നതോടെ തിരിച്ചടവ് മുടങ്ങി. അതിനിടെ തന്റെ അക്കൗണ്ടില്‍ നിന്ന് അനുവാദമില്ലാതെ 34500 രൂപ ബാങ്ക് പിടിച്ചതായി വൈരമണി പറയുന്നു. അതിനെ താന്‍ ചോദ്യം ചെയ്തു. അതിന് ശേഷം പത്ത് ലക്ഷത്തിന്റെ പലിശ കൂടാതെ രണ്ട് ശതമാനം പലിശ അധികം ഈടാക്കുന്ന നടപടി ബാങ്ക് സ്വീകരിച്ചു. അതിനെയും താന്‍ എതിര്‍ത്തു. ഇതില്‍ ബാങ്കിന് തന്നോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും വൈരമണി പറഞ്ഞു.

Content Highlights: protest in handicaped person s home seized

dot image
To advertise here,contact us
dot image