പാലക്കാട്: കണക്കുകള്‍ കടലാസിലുണ്ടായിട്ട് കാര്യമില്ലെന്നും അത് പ്രവര്‍ത്തനത്തിലെത്തണമെന്നും പാലക്കാട്ടെ സിപിഐഎം നേതാക്കളോട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ ചേര്‍ന്ന ബൂത്ത് സെക്രട്ടറിമാരുടെയും മറ്റ് നേതാക്കളുടെയും യോഗത്തിലായിരുന്നു എം വി ഗോവിന്ദന്റെ ഈ നിര്‍ദേശം. ഇന്നും നാളെയും വിലയിരുത്തല്‍ തുടരും. പാലക്കാട് എന്‍ജിഓ യൂണിയന്‍ ഹാളിലായിരുന്നു യോഗം.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കുന്നത് വഴി ലഭിക്കുന്ന മുന്നേറ്റം വോട്ടാക്കി മാറ്റാനും വിജയത്തിലെത്തിക്കാനും കഴിയണമെന്ന് എം വി ഗോവിന്ദന്‍ നേതാക്കളോട് ആവശ്യപ്പെട്ടു. ബൂത്തുകളുടെ ചുമതലയുള്ള ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ആ മേഖലയില്‍ താമസിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കണം. വീടുകള്‍ കയറി ഇറങ്ങുന്നതിനൊപ്പം വ്യക്തിഗത വോട്ടുകളില്‍ കൂടി ശ്രദ്ധ പതിപ്പിക്കണം. ഒത്തുപിടിച്ചാല്‍ ജയിച്ചു കയറാവുന്നതേയുള്ളൂ. കണക്കുകള്‍ കടലാസില്‍ ഉണ്ടായിട്ട് കാര്യമില്ല. അത് പ്രവര്‍ത്തനത്തിലെത്തണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞതായാണ് വിവരം.
എ കെ ബാലന്‍, പി കെ ശ്രീമതി, എം സ്വരാജ്, എന്‍ എന്‍ കൃഷ്ണദാസ്, എം ബി രാജേഷ്, കെ എസ് സലീഖ, ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, പാലക്കാട് ഏരിയാ സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Content Highlights: Warning in Palakkad CPIM meeting