'സാമ്പത്തിക ക്രമക്കേട് നടത്തിയവനാണ്; പണം കിട്ടിയാൽ എന്തും ചെയ്യും'; തിരൂർ സതീഷിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ്

2021 ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കെ സുരേന്ദ്രനോ താനോ ജില്ലയില്‍ ഉണ്ടായിരുന്നില്ലെന്നും അനീഷ് കുമാർ

dot image

തൃശൂര്‍: കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെതിരെ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍. സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ആളാണ് തിരൂര്‍ സതീഷെന്ന് അനീഷ് കുമാര്‍ പറഞ്ഞു. അതിന്റെ പേരിലുള്ള വൈരാഗ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. സതീഷിനെ ഇപ്പോള്‍ സിപിഐഎം കുത്തിപ്പൊക്കിക്കൊണ്ട് വന്നതാണ്. പണം കിട്ടിയാല്‍ സതീഷ് എന്തും ചെയ്യുമെന്നും കെ കെ അനീഷ് കുമാര്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ തിരഞ്ഞെടുപ്പ് സമയത്തും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയരാറുണ്ടെന്നും അനീഷ് കുമാര്‍ പറഞ്ഞു. അതിന് ഒരു വിലയും കല്‍പിക്കുന്നില്ല. 2021 ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കെ സുരേന്ദ്രനോ താനോ ജില്ലയില്‍ ഉണ്ടായിരുന്നില്ല. വിവിധ മണ്ഡലങ്ങളില്‍ പര്യടനത്തിലായിരുന്നു തങ്ങള്‍. ഫോണ്‍ റെക്കോര്‍ഡ് വേണമെങ്കില്‍ പരിശോധിക്കാമെന്നും അനീഷ് കുമാര്‍ പറഞ്ഞു.

ആരോപണത്തിന്റെ പേരില്‍ നിയമ നടപടിക്ക് പോയാല്‍ കോണ്‍ഗ്രസ്, സിപിഐഎം നേതാക്കള്‍ കുടുങ്ങുമെന്നും അനീഷ് കുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏത് അന്വേഷണം വേണമെങ്കിലും നടത്തട്ടെ. ഏത് ഏജന്‍സി വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ. നേരിടാന്‍ തങ്ങള്‍ റെഡിയാണെന്നും അനീഷ് കുമാര്‍ പറഞ്ഞു.

ഓഫീസ് സെക്രട്ടറി എന്ന നിലയില്‍ സതീഷ് ആണ് മുറികള്‍ ബുക്ക് ചെയ്തിരുന്നതെന്നും അനീഷ് കുമാര്‍ പറഞ്ഞു. പ്രചരണ സാമഗ്രികളുമായി വന്നവര്‍ക്കും മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ സാധനങ്ങള്‍ കൊണ്ടുവന്ന ആളാണ് ധര്‍മരാജന്‍. അതിന്റെ മറവില്‍ ധര്‍മരാജന്‍ മറ്റ് എന്തെങ്കിലും ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ബാധ്യത പാര്‍ട്ടിക്കില്ല. ആരോപണം ഉയര്‍ന്നപ്പോഴാണ് താന്‍ ധര്‍മരാജനെ കാണുന്നതെന്നും അനീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- bjp district president anish kumar against thirur satheesh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us