'കൊടകരയിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്'; ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറി

കൊടകര കുഴല്‍പ്പണക്കേസ് നടക്കുന്ന 2021 ല്‍ ബിജെപിയുടെ തൃശൂര്‍ ഓഫീസില്‍ സെക്രട്ടറിയായിരുന്നു തിരൂര്‍ സതീഷ്.

dot image

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് സതീഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് താന്‍ സാക്ഷിയാണ്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസ് നടക്കുന്ന 2021 ല്‍ ബിജെപിയുടെ തൃശൂര്‍ ഓഫീസില്‍ സെക്രട്ടറിയായിരുന്നു തിരൂര്‍ സതീഷ്.
കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ബിജെപി ജില്ലാ ഭാരവാഹികള്‍ വിളിച്ച് ജില്ലാ ഓഫീസിലേക്ക് ചില മെറ്റീരിയലുകള്‍ വരുന്നുണ്ടെന്ന് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ജില്ലാ ഓഫീസിലെത്തിയത്. ധര്‍മരാജന്‍ എന്നയാളാണ് പണം എത്തിച്ചത്. ആറോളം ചാക്കുകെട്ടുകള്‍ ഉണ്ടായിരുന്നു. പണമാണെന്ന് തനിക്ക് ആദ്യം മനസിലായിരുന്നില്ല. പണം കൊണ്ടുവന്നവര്‍ക്ക് മുറിയെടുത്ത് നല്‍കിയത് താനാണ്. ആ പണം പിന്നീട് കൊടകരയിലേക്ക് കൊണ്ടുപോയെന്നും തിരൂര്‍ സതീഷ് വെളിപ്പെടുത്തി.

2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയില്‍ നിന്ന് കേരളത്തില്‍ എത്തിച്ച പണമായിരുന്നു മോഷണം പോയതെന്നായിരുന്നു ആരോപണം. ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം. തൃശൂരില്‍ നിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ആരോപിച്ച പണം കൊടകരയില്‍വെച്ച് വ്യാജ അപകടം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൂന്നരക്കോടി രൂപയാണ് കവര്‍ന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസില്‍ 23 പേരെ അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തില്‍ ഇതുവരെ ഒരു കോടി 47 ലക്ഷം രൂപ മാത്രമാണ് കണ്ടെത്താനായത്.

Content Highlights- bjp former office secretary on kodakara hawala case

dot image
To advertise here,contact us
dot image