ചേലക്കര: ചേലക്കരയിൽ തിരഞ്ഞെടുപ്പ് ചൂടു പിടിക്കുന്നതിനിടെ സ്വതന്ത്ര സ്ഥാനാർത്ഥി ഹരിദാസനും വിവാദങ്ങളിൽ നിറയുകയാണ്. ഹരിദാസൻ വിമതനാണോ അപരനാണോ സ്വതന്ത്രനാണോ എന്നത് സംബന്ധിച്ച് കോൺഗ്രസ് സിപിഐഎം തർക്കങ്ങൾ നിലനിൽക്കെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരിദാസൻ. താൻ സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും സ്ഥാനാർത്ഥിത്വം പ്രതിഷേധ സൂചകമാണെന്നും ഹരിദാസൻ റിപ്പോർട്ടറിനോട് പറഞ്ഞു.
'സിഐടിയു പ്രവർത്തകനാണ്. സ്വതന്ത്രനാണ്. ഈ സ്ഥാനാർത്ഥിത്വം എന്റെ പ്രതിഷേധമാണ്. അഞ്ച് വർഷം ഭരിച്ച രമ്യ ഹരിദാസിനോടുള്ള പ്രതിഷേധമാണ്. എന്റെ പേര് ഹരിദാസൻ എന്നാണ്. സ്ഥാനാർത്ഥിത്വത്തിൽ ആ പേര് കാണുമല്ലോ. രമ്യയുടെ അപരനായി മത്സരിക്കാനാണ് ഒരുങ്ങുന്നത്', ഹരിദാസൻ റിപ്പോർട്ടറിനോട് പറഞ്ഞു.
മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി യു ആർ പ്രദീപ് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരിദാസൻ പറഞ്ഞു. ജയിക്കാനല്ലേ മത്സരിക്കുന്നത് എന്ന ചോദ്യത്തിന് സ്ഥാനാർത്ഥിത്വം തന്റെ പ്രതിഷേധമാണെന്ന് ഹരിദാസൻ ആവർത്തിച്ചു.
'യു ആർ പ്രദീപിന് വേണ്ടി മണ്ഡലത്തിൽ പ്രവർത്തിക്കും. വിജയം ആഗ്രഹിക്കുന്നില്ല. തന്റെ വോട്ടും പ്രദീപിനാണ്. രമ്യ ഹരിദാസിനെതിരായ വോട്ടുകളുണ്ട്. അത് എനിക്ക് ചെയ്തോട്ടെ. എന്നോട് ഇഷ്ടമുള്ളവർ യു ആർ പ്രദീപിന് വേണ്ടി വോട്ട് ചെയ്യണം. ഇപ്പോഴല്ലേ എനിക്ക് പ്രതിഷേധിക്കാൻ പറ്റൂ. പാർട്ടിയോ ആരും എന്നെ പിന്തുണച്ചിട്ടില്ല. പാർട്ടി പറഞ്ഞാലും തീരുമാനത്തിൽ നിന്ന് മാറില്ല', ഹരിദാസൻ കൂട്ടിച്ചേർത്തു.
സിപിഐഎമ്മിന്റെയും സിഐടിയുവിന്റെയും സജീവ പ്രവർത്തകനായ ഹരിദാസൻ ചേലക്കരയിൽ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ അപരനായാണ് മത്സരിക്കുന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പേരിലെ അവസാന വാക്കിലെ സാമ്യമാണ് ഹരിദാസന്റെ സ്ഥാനാർത്ഥിത്വത്തിലേക്ക് നയിച്ചതെന്ന് പറയുമ്പോഴും ഇതിൽ വ്യക്തത വരുത്താൻ സിപിഐഎം തയ്യാറായിട്ടില്ല. പേരിലെ അവസാന വാക്കിലെ സാമ്യമാണ് ഹരിദാസന്റെ സ്ഥാനാർത്ഥിത്വത്തിലേക്ക് നയിച്ചതെന്ന് പറയുമ്പോഴും ഇതിൽ വ്യക്തത വരുത്താൻ സിപിഐഎം തയ്യാറായിട്ടില്ല.
എല്‍ഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിനെ വിജയിപ്പിക്കാൻ സിഐടിയു സ്ഥാപിച്ച ഫ്ലക്സിലും ഹരിദാസൻ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം സിഐടിയു പ്രവർത്തകൻ ഹരിദാസനെ തനിക്കറിയില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് പ്രതികരിച്ചു. ചേലക്കരയിൽ എൽഡിഎഫിന് ഭീഷണിയോ ആത്മവിശ്വാസക്കുറവോ ഇല്ല. അതുകൊണ്ട് തന്നെ ഇവിടെ ഒരു അപരനെ രംഗത്തിറക്കേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Chelakkara candidate Haridasan claims his candidature a protest against Ramya Haridas