തൃശൂര്‍: ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാകണം. വിഷയം അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികള്‍ മറ്റുപല കാര്യങ്ങള്‍ക്കും പിന്നാലെയാണെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍ ഒട്ടും ഞെട്ടലുണ്ടാക്കുന്നതല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ബിജെപി തിരഞ്ഞെടുപ്പ് വിജയത്തിനായി ദുരുപയോഗിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതും ഇതുപോലെയുള്ള കള്ളപ്പണമാണെന്നും വി എസ് സുനില്‍കുമാര്‍ ആരോപിച്ചു.
സതീഷിന്റെ വെളിപ്പെടുത്തല്‍ വഴിത്തിരിവാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനും പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റിനെ കസ്റ്റഡിയിലെടുക്കണം. കൊടകര കുഴല്‍പ്പണക്കേസില്‍ പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചു. ബിജെപി-സിപിഐഎം ഡീല്‍ അന്വേഷണം അട്ടിമറിച്ചു. കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം വേണം. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സതീഷിന്റെ ജീവന് ഭീഷണിയുണ്ടെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.
തൃശൂരില്‍ സിപിഐഎം-ബിജെപി ഡീല്‍ സജീവമാണെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയും പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലും ഡീലിന് ശ്രമമുണ്ട്. കൊടകര- കുട്ടനെല്ലൂര്‍- കരുവന്നൂര്‍ കേസ് ഒതുക്കുന്നത് ഈ ഡീലിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ കൃത്യമായി ഇടപെടണമെന്നും അനില്‍ അക്കര പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കുന്നതായിരുന്നു മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, സതീഷിനെ തള്ളി ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറും രംഗത്തെത്തി. സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ആളാണ് തിരൂര്‍ സതീഷെന്നായിരുന്നു അനീഷ് കുമാര്‍ പറഞ്ഞത്. അതിന്റെ പേരിലുള്ള വൈരാഗ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. സതീഷിനെ ഇപ്പോള്‍ സിപിഐഎം കുത്തിപ്പൊക്കിക്കൊണ്ട് വന്നതാണ്. പണം കിട്ടിയാല്‍ സതീഷ് എന്തും ചെയ്യുമെന്നും കെ കെ അനീഷ് കുമാര്‍ ആരോപിച്ചിരുന്നു.
Content Highlights- V S sunil kumar and t n prathapan reaction on kodakara hawala case