തൃശൂര്‍: ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൊടകര കുഴല്‍പ്പണ ആരോപണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആരോപണ വിധേയനായ ധര്‍മരാജന്‍ കേരളത്തില്‍ എത്തിച്ചത് ആകെ 41.40 കോടിയാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ക്രൈംബ്രാഞ്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായാണ് 41.40 കോടി രൂപ കേരളത്തിലേക്ക് ഒഴുകിയത്. ഇതില്‍ 14.40 കോടി കര്‍ണാടകയില്‍ നിന്ന് എത്തിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതില്‍ 33.50 കോടി തിരഞ്ഞെടുപ്പിനായി വിതരണം ചെയ്തു. 27 കോടി ഹവാല ഇടപാടുകളിലൂടെയാണ് എത്തിച്ചത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് 7.90 കോടി രൂപയാണെന്നുള്ള വിവരവും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്. കൊടകരയില്‍ 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ധര്‍മരാജന്‍ ആദ്യം പൊലീസിന് നല്‍കിയ മൊഴി. ഇത് പിന്നീട് മൂന്നരക്കോടിയെന്ന് തിരുത്തിയിരുന്നു.
2021 ഏപ്രില്‍ നാലിന് നടന്ന സംഭവം ക്രൈംബ്രാഞ്ച് ഇ ഡിയെ അറിയിക്കുന്നത് അതേ വര്‍ഷം ജൂണ്‍ ഒന്നിനാണ്.
കൊണ്ടുവന്ന തുക എത്രയെന്ന് ധര്‍മരാജന്‍ കൃത്യമായി മൊഴി നല്‍കിയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കവര്‍ച്ചക്കാരുടെ കുറ്റസമ്മത മൊഴി അനുസരിച്ചുള്ള തുകയും പരാതിയിലെ തുകയും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ 41.40 കോടി രൂപ എത്തിച്ചുവെന്ന് ധര്‍മരാജന്‍ സമ്മതിച്ചു. ഇത് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി എത്തിച്ചതാണെന്നും ധര്‍മരാജന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശം അനുസരിച്ചായിരുന്നു പണം എത്തിച്ചത്. പല സ്ഥലങ്ങളിലും ബിജെപി നേതാക്കള്‍ പണം കൈപ്പറ്റിയെന്നും ധര്‍മരാജന്‍ മൊഴി നല്‍കി. ധര്‍മരാജന്റെ നിര്‍ദേശമനുസരിച്ചാണ് പണമെത്തിച്ചതെന്ന് ഡ്രൈവര്‍ ഷിജിനും മൊഴി നല്‍കിയിരുന്നു.
കവര്‍ച്ച ചെയ്ത പണത്തിന്റെ ഉറവിടം കര്‍ണാടകയിലെ ബിജെപി നേതാവ് സുനില്‍ നായിക് എന്നായിരുന്നു ധര്‍മരാജന്റെ മൊഴി. തുക ബെംഗളൂരില്‍ നിന്ന് കോഴിക്കോട് വരെ പാഴ്സല്‍ ലോറിയിലാണ് എത്തിച്ചതെന്ന് ധര്‍മരാജന്‍ മൊഴി നല്‍കി. ബെംഗളൂരുവില്‍ നിന്ന് ഇതിനായി വിളിച്ചത് സുന്ദര്‍ലാല്‍ അഗര്‍വാളെന്ന ആളായിരുന്നുവെന്നും ധര്‍മരാജന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സുന്ദര്‍ലാല്‍ ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു.
Content Highlights- 7.90 crore theft from kodakara says in crime branch report handed over to ED