ന്യൂഡല്‍ഹി: പാര്‍ലമെന്റംഗങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വി ശിവദാസന്‍ എംപിയുടെ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചുവെന്ന് പരാതി. വെനസ്വേലയിലേക്ക് നാളെ പുറപ്പെടാനിരിക്കെയാണ് വിദേശ മന്ത്രാലയം അനുമതി നിഷേധിച്ചത്. ജനാധിപത്യ രാജ്യത്ത് ഇത്തരം തീരുമാനം പാടില്ലാത്തതാണെന്ന് ശിവദാസന്‍ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാതൊരു കാരണവുമില്ലാതെയാണ് അനുമതി നിഷേധിച്ചതെന്നും എല്ലാവര്‍ക്കും വരാവുന്ന ഭീഷണിയാണിതെന്നും ശിവദാസന്‍ പറഞ്ഞു.
'ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ വെനസ്വേലയുടെ ക്ഷണം നിരസിച്ചിട്ടില്ല. ജനാധിപത്യത്തോടുള്ള അവഗണനയാണിത്. വസ്തുതകള്‍ വിളിച്ച് പറയാന്‍ ആരെയും അനുവദിക്കില്ല എന്നതാണ് ഇതിന്റെ സന്ദേശം. ജനാധിപത്യ പരിപാടികള്‍ തടയുന്നത് പ്രതിഷേധാര്‍ഹമാണ്. ആര്‍എസ്എസ്- ബിജെപി പൊളിറ്റിക്‌സിന്റെ ഭാഗമായിട്ടാണ് യാത്രാനുമതി നിഷേധിച്ചത്', അദ്ദേഹം പറഞ്ഞു.
വെനസ്വേലയുടെ വൈസ് പ്രസിഡന്റാണ് തന്നെ ക്ഷണിച്ചതെന്നും ശിവദാസന്‍ പറഞ്ഞു. വിസയും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതാണെന്നും യാത്രാച്ചെലവ് സംഘാടകരാണ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'എല്ലാ ക്ലിയറന്‍സും ശരിയായതിന് ശേഷം പൊളിറ്റിക്കല്‍ ക്ലിയറന്‍സിന് വേണ്ടി അപേക്ഷിച്ചു. ആദ്യത്തെ തവണ നിരസിച്ചപ്പോള്‍ തെറ്റിദ്ധാരണയാണെന്ന് കരുതി വീണ്ടും അപേക്ഷിച്ചു. എന്നിട്ടും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് തന്നില്ല. പൊളിറ്റിക്കല്‍ ആംഗിളില്‍ ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് അവര്‍ പറയുന്നത്', ശിവദാസന്‍ എംപി പറഞ്ഞു. ഇതിനെതിരെ ജനാധിപത്യവാദികള്‍ പ്രതിഷേധിക്കണമെന്നും ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.
Content Highlights: Central Government denied appointment of Sivadasan MP to participate anti fascism programme