കൊടകര കള്ളപ്പണക്കേസ്: 'അന്ന് നൽകിയത് നേതാക്കൾ പറഞ്ഞു തന്ന മൊഴി', ഇനി യാഥാർത്ഥ്യം പറയുമെന്ന് സതീഷ്

ഒറ്റത്തവണയായി പ്ലാസ്റ്റിക്കിന്റെ ആറ് ചാക്കുകെട്ടുകളാണ് വന്നതെന്ന് സതീഷ് പറഞ്ഞു.

dot image

തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ താന്‍ നടത്തിയ വെളിപ്പെടുത്തലിലാണ് നേതൃത്വം മറുപടി നല്‍കേണ്ടതെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ജില്ലാ ഓഫീസില്‍ ചുമതലയുണ്ടായപ്പോള്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അന്ന് പൊലീസില്‍ മൊഴി നല്‍കിയതെന്നും ഇനി യാഥാര്‍ത്ഥ്യം തുറന്നു പറയുമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. തന്നെക്കുറിച്ച് നേതൃത്വം പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Thiroor Sathees, kodakara case
തിരൂർ സതീഷ്

പണം കൊണ്ടുവന്ന സമയത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ജില്ലാ പ്രസിഡന്റ് അനീഷ് കുമാറും ഓഫീസിലുണ്ടായിരുന്നില്ലെന്നും സതീഷ് പറഞ്ഞു. 'ഞാനുന്നയിച്ച കാര്യം പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് സമയത്ത് പണം ഓഫീസില്‍ വന്നുവെന്നാണ്. അതിനാണ് മറുപടി നല്‍കേണ്ടത്. ഒരാള്‍ ഒരു കാര്യം വെളിപ്പെടുത്തുമ്പോള്‍ ഏത് പാര്‍ട്ടിക്കാരും ചെയ്യുന്നത് തന്നെയാണ് ബിജെപി നേതൃത്വം തനിക്കെതിരെ ചെയ്തത്. പണം കൊണ്ടുവന്ന സമയത്ത് അനീഷ് അവിടെയുണ്ടായെന്ന് പറഞ്ഞിട്ടില്ല. ധര്‍മരാജന്‍ (മുഖ്യപ്രതി) ഓഫീസില്‍ വരുമ്പോള്‍ സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനുമുണ്ടായിരുന്നു. അന്ന് വരുമ്പോള്‍ വെറും കയ്യോടെയാണ് വന്നത്', അദ്ദേഹം പറഞ്ഞു.

പണം വരുന്നതിന് രണ്ടാഴ്ച മുമ്പാണ് ധര്‍മരാജന്‍ ഓഫീസിലെത്തിയതെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. ഒറ്റത്തവണയായി പ്ലാസ്റ്റിക്കിന്റെ ആറ് ചാക്കുകെട്ടുകളാണ് വന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പിന് ആവശ്യമുള്ള മെറ്റീരിയല്‍സാണെന്നാണ് തന്നോട് നേതാക്കള്‍ പറഞ്ഞതെന്നും ചാക്ക് തുറക്കുമ്പോഴാണ് പണമാണെന്ന് അറിയുന്നതെന്നും സതീഷ് പറഞ്ഞു. ദിവസങ്ങളോളം ചാക്ക് കെട്ട് സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. താനും ധര്‍മരാജനും തലച്ചുമാടായാണ് ചാക്ക് കെട്ട് മുകള്‍ നിലയിലേക്ക് എത്തിച്ചതെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊടകരക്ക് പണം പോയെന്ന് താന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ആരും ബിജെപിയില്‍ നിന്ന് പുറത്താക്കിയതല്ലെന്നും തനിയെ ഇറങ്ങിയതാണെന്നും സതീഷ് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് സതീഷിനെ നടപടിയെടുത്ത് പുറത്താക്കിയതാണെന്ന് അനീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സതീഷ്.

'ഇവരുടെ ആരുടെയെങ്കിലും സ്വന്തമാണോ ബിജെപി. ബിജെപി വലിയ പ്രസ്ഥാനമാണ്. 28 വര്‍ഷമായി ഇതിന് വേണ്ടി പണിയെടുത്തു. ബിജെപിയില്‍ ഒരാളെ പുറത്താക്കാന്‍ വേണ്ടി ജില്ലാ പ്രസിഡന്റിന് അധികാരമില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. ഭാര്യയും ഞാനും ജോലി ചെയ്തായിരുന്നു കുടുംബം മുന്നോട്ട് പോയത്. ഭാര്യക്ക് കാലിന് വയ്യാത്തതിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നു. എനിക്ക് ബിജെപി തന്നു കൊണ്ടിരുന്നത് 15,000 രൂപയാണ്. 5000 രൂപ കൂടുതല്‍ തരുമോയെന്ന് ജില്ലാ പ്രസിഡന്റിനോട് ചോദിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന ഓഫീസ് സെക്രട്ടറി ചേട്ടനാണെന്ന് പറഞ്ഞു, വേണമെങ്കില്‍ 1000 രൂപ കൂട്ടി തരാമെന്നും പറഞ്ഞു. മെയ് മാസത്തില്‍ ബിജെപിയില്‍ നിന്ന് ഒഴിഞ്ഞു', തിരൂര്‍ സതീഷ് പറഞ്ഞു.

വന്ന കോടിക്കണക്കിന് പണത്തിന് കാവല്‍ നിന്നയാളാണ് താനെന്നും സാമ്പത്തിക ക്രമക്കേട് നടത്തിയെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. വന്ന പണം എണ്ണി നോക്കിയിട്ടില്ലെന്നും സതീഷ് പറഞ്ഞു.

Content Highlights: Former BJP office secretary on his stand in Kodakara case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us