സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

കരമന നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ അഞ്ച് ജില്ലകളിലായിരുന്നു യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ കരമന നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കരമന നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുന്ന സാഹചര്യത്തിലാണിത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് അറിയിപ്പ്. അറബികടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം മഹാരാഷ്ട്ര തീരത്തിന് സമീപമാണ്.

ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാതചുഴികളും സ്ഥിതി ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ജാ​ഗ്രത പാലിക്കണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശം.

Content Highlight: Heavy rain to continue in Kerala; Orange alert in 2 districts and Yellow alert issued in 7 districts

dot image
To advertise here,contact us
dot image