കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചരണം നടത്തുന്നതിന് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പാലക്കാട്ടെത്തും. നവംബര്‍ 10നാണ് മുരളീധരന്‍ പാലക്കാട്ടേക്ക് എത്തുക.
പാര്‍ട്ടി തന്നോട് നേരത്തെ വരണമെന്ന് ആവശ്യപ്പെട്ടാല്‍ ആ സമയത്തും പ്രചരണത്തിനായി പോകും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിളിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും സജീവമാകാന്‍ ആവശ്യപ്പെട്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഇന്നും നാളെയും മുരളീധരന്‍ വയനാട്ടില്‍ പ്രചരണം നടത്തും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാടും ചേലക്കരയിലും പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് നേരത്തെ പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിയെ ഒറ്റക്കെട്ടായി വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറി ബിജെപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകും. ഉപതിരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡ് തീരുമാനം എന്താണോ അത് അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കും. സ്വകാര്യ ദുഖങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍, കൊടകര കേസുകളില്‍ തുടരന്വേഷണം നടക്കാത്തത് സിപിഐഎം ബിജെപി ഡീലിനെ തുടര്‍ന്നാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പണമാണ് ചാക്കിലാക്കി കൊടകരയിലെത്തിച്ചത്. ഈ ഡീലിനെ കുറിച്ച് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞതാണ്. പ്രവര്‍ത്തകനായ ഓഫീസ് സ്റ്റാഫിന്റെ മൊഴിയൊക്കെ ഇപ്പോഴല്ലേ പുറത്തുവന്നതെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: K Muralidharan to Palakkad;will campaign for Rahul Mankootathil