കോഴിക്കോട്: രൂപമാറ്റത്തിനൊരുങ്ങി നവകേരള ബസ്. പുത്തന്‍ മാറ്റങ്ങളോടെ സൂപ്പര്‍ ഡീലക്‌സ് എ സി ബസായി വീണ്ടും നിരത്തിലിറക്കാനാണ് അധികൃതരുടെ തീരുമാനം. നേരത്തെ ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ലാഭം അതില്‍ നിന്നുമുണ്ടായിരുന്നില്ല. യാത്രക്കാരില്ലാത്തതിനാല്‍ പല ദിവസവും സര്‍വീസ് റദ്ദാക്കേണ്ടിയും വന്നു.
തുടര്‍ന്നാണ് പുതിയ മാറ്റങ്ങളോടെ നവകേരള ബസിനെ അവതരിപ്പിക്കുന്നത്. 26ല്‍ നിന്ന് സീറ്റുകളുടെ എണ്ണം 38ആയി ഉയര്‍ത്തും. പുതിയ രീതിയില്‍ വരുന്നതോടെ ബസ് ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ഗരുഡ പ്രീമിയറില്‍ 1171 രൂപയായിരുന്നു കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാ നിരക്ക്. എന്നാല്‍ ഇനി സ്വിഫ്റ്റ് സൂപ്പര്‍ ഡീലക്‌സ് എ സി ബസിന്റെ ടിക്കറ്റില്‍ യാത്ര ചെയ്യാവുന്നതാണ്. ഇങ്ങനെ വരുമ്പോള്‍ യാത്രാ നിരക്ക് പകുതിയാകും.
ഭാരത് ബെന്‍സിന്റെ ബസ് ബോഡി വെല്‍ഡിങ് നടത്തുന്ന ബെംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലാണ് നിലവില്‍ ബസുള്ളത്. കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ബസ് സര്‍വീസ് നടത്തിയിരുന്നില്ല. മെയ് ആറിനായിരുന്നു നവകേരള ബസ് കെഎസ്ആര്‍ടിസി സര്‍വീസാക്കി മാറ്റിയത്.
1.15 കോടി രൂപയ്ക്കാണ് നവകേരള ബസ് വാങ്ങിയത്. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനായിരുന്നു ബസ് ഒരുക്കിയത്. അന്ന് ബസിലെ ആഡംബരത്തെ ചൊല്ലി വലിയ വിവാദങ്ങളുണ്ടായിരുന്നു. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവന്‍, കിടപ്പുമുറി, മീറ്റിങ് മുറി എന്നിവയൊക്കെ ഉണ്ടെന്നായിരുന്നു പ്രചാരണം. ഇത് ഏറ്റെടുത്ത പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ ബസ്സില്‍ ശുചിമുറിയും എലവേറ്ററും മാത്രമാണുള്ളതെന്ന് പിന്നീട് വ്യക്തമായി. ബസ്സിനുള്ളില്‍ കയറി ബോധ്യപ്പെടാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു.
Content Highlights: NavaKerala Bus changes to Super Deluxe AC Bus