വീണ്ടും നിരത്തിലിറങ്ങാൻ തയാറെടുത്ത് നവകേരള ബസ്; ഇനി സൂപ്പർ ഡീലക്‌സ് എസി സർവീസ്

രണ്ടാഴ്ചയ്ക്കുള്ളിൽ സൂപ്പർ ഡീലക്‌സ് എസി ബസായി വീണ്ടും നിരത്തിലിറക്കാനാണ് കെഎസ്ആർടിസിയുടെ ആലോചന

dot image

കോഴിക്കോട്: മറ്റ് കെഎസ്ആർടിസി ബസുകൾക്കൊപ്പം ഓടിത്തുടങ്ങാനൊരുങ്ങി നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ആഡംബര ബസ്. കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എസി സർവീസായി നിരത്തിലിറങ്ങാൻ തയാറെടുക്കുകയാണ് ബസിപ്പോൾ. രണ്ടാഴ്ചയ്ക്കുള്ളിൽ സൂപ്പർ ഡീലക്‌സ് എസി ബസായി വീണ്ടും നിരത്തിലിറക്കാനാണ് കെഎസ്ആർടിസിയുടെ ആലോചന.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ വേണ്ടി 1.6 കോടി രൂപയ്ക്കാണ് ഭാരത് ബെൻസിൻറെ ആഡംബര ബസ് വാങ്ങിയത്. മുൻ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകിൽ ഓട്ടോമാറ്റിക് വാതിലും ബാത്ത്‌റൂം സൗകര്യങ്ങളുമുള്ള ബസാണിത്. കേരള രാഷ്ട്രീയത്തിൽ നവകേരള ബസ് ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവൻ, കിടപ്പുമുറി, മീറ്റിങ് മുറി എന്നിവയൊക്കെ ഉണ്ടെന്നായിരുന്നു പ്രചാരണം. ഇത് ഏറ്റെടുത്ത പ്രതിപക്ഷം വലിയ വിമർശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ ബസ്സിനുള്ളിൽ കയറി ബോധ്യപ്പെടാൻ മാധ്യമങ്ങൾക്ക് അവസരം നൽകിയിരുന്നു. നവകേരള യാത്രയ്ക്ക് ശേഷം, ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ടുനിന്ന് ബംഗളുരുവിലേക്ക് സർവീസ് നടത്തിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ചപോലെ ലാഭമുണ്ടായില്ല.

നടക്കാവ് കെഎസ്ആർടിസി റീജിയണൽ വർക്ക്‌ഷോപ്പിൽ കട്ടപ്പുറത്തുകിടന്നിരുന്ന ബസ് ഇപ്പോൾ ഭാരത് ബെൻസിൻറെ ബസ് ബോഡി ബിൽഡിംഗ് നടത്തുന്ന ബംഗളുരുവിലെ വർക്ക് ഷോപ്പിലാണുള്ളത്. ബസിന് രൂപമാറ്റം വരുത്തി സർവീസ് നടത്താനുള്ള പ്രവൃത്തി ഉടനെ ആരംഭിക്കും.

navakerala bus
നവകേരള ബസ്

സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് എസി ബസിൻറെ ടിക്കറ്റ് നിരക്കായിരിക്കും ഇതിനും ഉണ്ടാവുക. ഇതോടെ നിലവിലുള്ള നിരക്കിൻറെ പകുതിയായി കുറയും. ഹൈഡ്രോളിക് ലിഫ്റ്റും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. മാറ്റംവരുത്താനായി 10 ലക്ഷത്തോളം ചെലവുവരും. നവകേരള ബസിൽ 26 സീറ്റാണ് ഉണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയർത്തുമെന്നാണ് വിവരം.

content highlights: Navakerala bus is about to start service again

dot image
To advertise here,contact us
dot image