മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടില്ലെന്ന് പ്രദീപ്; സജീവമല്ലെന്ന പ്രചരണങ്ങൾ ബോധപൂർവമെന്ന് രാധാകൃഷ്ണൻ

രാധാകൃഷ്ണനെതിരെ പ്രദീപ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ഇരുവരും

dot image

ചേലക്കര: ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ രാധാകൃഷ്ണന്‍ പ്രചരണത്തിനിറങ്ങുന്നില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. നിലവില്‍ ആലത്തൂര്‍ എംപിയായ കെ രാധാകൃഷ്ണന്‍ മണ്ഡലത്തില്‍ സജീവമല്ലെന്ന വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. രാധാകൃഷ്ണനെതിരെ പ്രദീപ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയെന്നും വിവരമുണ്ടായിരുന്നു.

എന്നാല്‍ ഇരു നേതാക്കളും ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് യു ആര്‍ പ്രദീപ് വ്യക്തമാക്കി. കെ രാധാകൃഷ്ണന്‍ പ്രചാരണ രംഗത്ത് സജീവമായി ഉണ്ട്. പരാതി നല്‍കിയെന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്നും യു ആര്‍ പ്രദീപ് പ്രതികരിച്ചു.

ചേലക്കരയിലെ പ്രചാരണത്തിന് താന്‍ സജീവമായിട്ടുണ്ടെന്ന് കെ രാധാകൃഷ്ണനും പറഞ്ഞു. മറ്റു പ്രചരണങ്ങള്‍ ബോധപൂര്‍വ്വം നടക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ ചേലക്കരയില്‍ സജീവമായി പ്രവര്‍ത്തനരംഗത്ത് ഉണ്ട്. ഇടതുമുന്നണിയുടെ ജയത്തിന് തടയിടാന്‍ ഉള്ള ബോധപൂര്‍വമായ പ്രചരണമാണ് നടക്കുന്നത്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നയാളാണ് താനെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിക്ക് വേണ്ടി കെ ബാലകൃഷ്ണനാണ് മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എന്‍ കെ സുധീറും മത്സരിക്കുന്നുണ്ട്.

ഹരിദാസന്‍ എന്ന സിഐടിയു പ്രവര്‍ത്തകന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വവും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. സിപിഐഎം രമ്യ ഹരിദാസിനെതിരെ രംഗത്തിറക്കിയതാണ് ഹരിദാസനെ എന്ന ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ താന്‍ അപരനോ വിമതനോ അല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. അഞ്ച് വര്‍ഷം എംപിയായി ഭരിച്ച രമ്യയോടുള്ള പ്രതിഷേധമാണ് സ്ഥാനാര്‍ത്ഥിത്വമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Content Highlights: U R Pradeep and K Radhakrishnan denied allegations about his election campaign

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us