പാലക്കാട്: പാലക്കാട് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് എസ് സെല്‍വന്‍. നാമനിര്‍ദേശ പത്രിക നല്‍കിയത് പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ്. സാങ്കേതിക കാരണങ്ങളാല്‍ പത്രിക പിന്‍വലിക്കാന്‍ മറന്നുപോയി. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സെല്‍വന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നേരത്തേ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സെല്‍വന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഓട്ടോറിക്ഷാ ചിഹ്നത്തില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പാലക്കാട്ടെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലാണ് സെല്‍വന്റെ പേരുള്ളത്. ഇയാള്‍ കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് സെക്രട്ടറിയാണ്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോഴാണ് സെല്‍വന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ദീര്‍ഘനാളായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചുവരികയാണ്. കോണ്‍ഗ്രസ് നേതാവായ സെല്‍വന്‍ തന്നെയാണോ മത്സരിക്കുന്നത് എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സെല്‍വന്‍ കോണ്‍ഗ്രസ് ഓഫീസിലും നാമനിര്‍ദേശ പത്രികയിലും നല്‍കിയ മേല്‍വിലാസം ഒന്നാണെന്ന് വ്യക്തമായി. അതിന് പുറമേ സെല്‍വന്‍ കോണ്‍ഗ്രസ് ഓഫീസിലും നാമനിര്‍ദേശ പത്രികയിലും നല്‍കിയത് ഒരേ നമ്പറാണ്. പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളും സെല്‍വനെ തിരിച്ചറിഞ്ഞു.
സെല്‍വനെ റിപ്പോര്‍ട്ടറില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും തുടക്കത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. നിങ്ങള്‍ക്ക് ആള്‍ മാറിയതാകും എന്നായിരുന്നു സെല്‍വന്‍ പ്രതികരിച്ചത്. പാലക്കാട് കോണ്‍ഗ്രസിന് വെല്ലുവിളിയായി വിമത സ്ഥാനാര്‍ത്ഥിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് പ്രതികരിക്കാന്‍ സെല്‍വന്‍ തയ്യാറായത്.
Content Highlights- i am not rebel candidate in palakkad says congress block secretary selvan