സമസ്തയിലും ലീഗിന്റെ ശത്രുക്കൾ ഉണ്ട്, അസൂയയും നൈരാശ്യവുമുള്ളവരാണ് എതിര് പറയുന്നത്: പിഎംഎ സലാം

ഖാസി സ്ഥാനം ലഭിക്കാത്തതിന് അസൂയയും നൈരാശ്യവുമുള്ളവരാണ് ഖാസി ഫൗണ്ടേഷനെതിരെ പറയുന്നതെന്നും പിഎംഎ സലാം റിപ്പോർട്ടറിനോട്

dot image

കോഴിക്കോട്: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിമർശനത്തിന് പിന്നാലെ ഉമർ ഫൈസിക്ക് എതിരെ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. സമസ്ത ലീഗ് വിവാദത്തിന് പിന്നിൽ സിപിഐഎമ്മെന്നും രാഷ്ട്രീയ യജമാനന്മാർ പറയുന്നതാണ് ഉമർ ഫൈസി പറഞ്ഞു കൊണ്ടിരിക്കുന്നതന്നും മുസ്‌ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പല സംഘടനകളിലും ഉള്ളത് പോലെ സമസ്തക്ക് അകത്തും ലീഗിന്റെ ശത്രുക്കൾ ഉണ്ട്. ഖാസി സ്ഥാനം ലഭിക്കാത്തതിന് അസൂയയും നൈരാശ്യവുമുള്ളവരാണ് ഖാസി ഫൗണ്ടേഷെനെതിരെ പറയുന്നതെന്നും പിഎംഎ സലാം റിപ്പോർട്ടറിനോട് പറഞ്ഞു.

എല്ലാ സംഘടനയിലും ലീഗിൻറെ ശത്രുക്കൾ ഉണ്ടാകുമെന്നും സമസ്തയിലും ലീഗിന്റെ ശത്രുക്കൾ ഉണ്ടെന്നും പിഎംഎ സലാം പറഞ്ഞു. ലീഗിന്റെ ശത്രുക്കൾ അവരുടെ യജമാനന്മാർ പറയുന്നത് പ്രവർത്തിക്കും. ലീഗിനെ ആര് എതിർത്താലും മറുപടി പറയുമെന്നും പിഎംഎ സലാം പറഞ്ഞു. സാദിഖലി തങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും അതിന് ലീഗും തങ്ങളെ സ്നേഹിക്കുന്നവരും മറുപടി പറയുമെന്നും പിഎംഎ സലാം പറഞ്ഞു. ഖാസി ഫൗണ്ടേഷൻ സമസ്‌തയ്ക്കെതിരെ പ്രവർത്തിക്കുന്നു എന്നത് ഉമ്മർ ഫൈസിയുടെ മാത്രം അഭിപ്രായമാണെന്നും ഖാസി സ്ഥാനം ലഭിക്കാത്തതിന് അസൂയയും നൈരാശ്യവുമുള്ള ചിലർ അങ്ങനെ പറഞ്ഞേക്കാമെന്നും പിഎംഎ സലാം പറഞ്ഞു.

ഇപ്പോൾ വിവാദങ്ങൾക്ക് പിന്നിൽ സിപിഐഎമ്മാണെന്നും രാഷ്ട്രീയപരമായി നേരിടാൻ ഇടത് പക്ഷത്തിന് കഴിയാത്തത് കൊണ്ടാണ് ഈ പ്രവർത്തനം നടത്തിയതെന്നും പിഎംഎ സലാം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഗിന് ഭൂരിപക്ഷം കൂടി. ആര് എത്തിർത്താലും ലീഗിന് ശക്തി കൂടുകയാണ് ചെയ്യുന്നത്. ലീഗും സമസ്തയും തമ്മിൽ ഒരു പ്രശ്നവുമില്ല. രണ്ട് സംഘടനകളുടെയും നേതാവ് പാണക്കാട് സാദിഖലി തങ്ങളാണ്. ലീഗും സമസ്തയും തമ്മിൽ ശത്രുതയില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു ഉമർ ഫൈസി മുക്കത്തിൻ്റെ പരാമർശം. മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നുമാണ് ഉമർ ഫെെസി മുക്കം പറഞ്ഞത്. കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യം. വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട്. ഖാസി ആക്കാൻ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് ‌ തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ വിവരം ഇല്ലാത്തവർ അധികം ആവുമ്പോൾ അവരിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാദിഖലി തങ്ങൾ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തിയിരുന്നു.

Content Highlights: pma salam says that whoever opposes the league will reply

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us