ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ ഇനിയും കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തെക്കൻ തമിഴ്നാടിനും ശ്രീലങ്കയ്ക്കും മുകളിൽ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.

മാന്നാർ കടലിടുക്കിന് മുകളിലായും ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കർണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. ഹരിപ്പാട് ആനാരി വലിയ പറമ്പിൽ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്. വീയപുരം സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ തൊഴിലാളിയായിരുന്നു ശ്യാമള. ജോലിക്കിടെയാണ് ഇടിമിന്നലേറ്റത്.

തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കഴക്കൂട്ടം സർവീസ് റോഡിലും ടെക്നോപാർക്ക് റോഡിലും വെള്ളം കയറി. ചാക്ക മുട്ടത്തറ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വിഴിഞ്ഞം ഉച്ചക്കടയിൽ വെള്ളക്കെട്ടുണ്ടായി. പുല്ലുവിളയിൽ വീടുകളിൽ വെള്ളം കയറി.

ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് ചാത്തമംഗലത്ത് മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു. ഇവിടെ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

content highlights: rain alert in kerala and orange alert for 3 districts

dot image
To advertise here,contact us
dot image