പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ളില്‍ അസ്വാരസ്യം. ബിജെപിയുമായി ഇടഞ്ഞ് സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യര്‍. തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിട്ടും തന്നെ അവഗണിച്ചതിലാണ് സന്ദീപ് ബിജെപിയുമായി ഇടഞ്ഞത്. പ്രതിഷേധ സൂചകമായി പാലക്കാട് പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് വാര്യര്‍ ഒഴിഞ്ഞു.
നിരവധി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ അണികളോടൊപ്പം വേദിയിലായിരുന്നു സന്ദീപ് ഇരുന്നത്. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറുമായും സന്ദീപ് വാര്യര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. മൂത്താന്തറയിലെ പ്രശ്‌നപരിഹാരത്തിന് സന്ദീപ് ഇടപെട്ടതും പാര്‍ട്ടിക്കുള്ളിലെ നീരസത്തിന് കാരണമായിട്ടുണ്ട്. അതേസമയം അനുനയ നീക്കത്തോട് മുഖം തിരിച്ചിരിക്കുകയാണ് സന്ദീപ് വാര്യര്‍.
സന്ദീപ് വാര്യര്‍ പ്രചരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിയുടെ പ്രചരണത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ കൃഷ്ണകുമാറിന് വേണ്ടിയുള്ള പ്രചരണത്തില്‍ വലിയ രീതിയില്‍ സന്ദീപ് വാര്യര്‍ മുന്നിലുണ്ടായിരുന്നു. 1991ല്‍ പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ സിപിഐഎം നേതാവും മുന്‍ ചെയര്‍മാനുമായിരുന്ന എം എസ് ഗോപാലകൃഷ്ണന്‍ അന്നത്തെ ബിജെപി ജില്ലാ പ്രസിഡന്റ് ടി ചന്ദ്രശേഖരന് പിന്തുണ തേടി കത്തയച്ചതും പുറത്തുവിട്ടത് സന്ദീപ് വാര്യരായിരുന്നു.
Content Highlights: Sandeep Varier resign from Palakkad Election Campaign in charge