ആംബുലന്‍സ് യാത്ര; കേസെടുത്ത നടപടിയെ നിയമപരമായി കൈകാര്യം ചെയ്യുമെന്ന് സുരേഷ് ഗോപി

കേസെടുത്ത നടപടി പകപോക്കലാണോ എന്നറിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു

dot image

തൃശൂര്‍: തൃശൂര്‍ പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയ സംഭവത്തില്‍ കേസെടുത്ത നടപടിയോട് പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. കേസെടുത്ത നടപടി പകപോക്കലാണോ എന്നറിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷയം നിയമപരമായി കൈകാര്യം ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.

'ഒറ്റതന്ത' പ്രയോഗത്തിലും സുരേഷ് ഗോപി വിശദീകരണം നല്‍കി. ഒറ്റതന്ത പ്രയോഗം താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ആരാണ് നിശ്ചയിച്ചതെന്ന് സുരേഷ് ഗോപി ചോദിച്ചു. താന്‍ ഉദ്ദേശിച്ചത് മുഖ്യമന്ത്രിയെ ആണെന്ന് പറഞ്ഞവര്‍ക്കെതിരെ കേസെടുക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ആംബുലന്‍സ് യാത്രയുമായി ബന്ധപ്പെട്ട് സിപിഐ നേതാവ് അഡ്വ. സുമേഷ് നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഐപിസി 279, 34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരേഷ് ഗോപിക്ക് പുറമേ അഭിജിത് നായര്‍, ആംബുലന്‍സിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സ് സുരേഷ് ഗോപി യാത്രയ്ക്ക് ഉപയോഗിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പൊലീസ് നിയന്ത്രണം നിലനില്‍ക്കെ ഇത് ലംഘിച്ച് തൃശൂര്‍ റൗണ്ടിലൂടെ ആംബുലന്‍സ് ഓടിച്ചുവെന്നും മനുഷ്യജീവന് അപകടകരമായ രീതിയില്‍ പൂര ദിവസം ജനത്തിരക്കിലൂടെ ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു.

Content Highlights- actor suresh gopi reaction on case on ambulance travel controversy

dot image
To advertise here,contact us
dot image