വെർച്വൽ ക്യൂവിന് പുറമേ 10,000 പേർക്ക് ദർശന സൗകര്യം; ശബരിമലയിൽ സൗകര്യങ്ങള്‍ സജ്ജം

ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്ട്രഷൻ നടത്തുക.

dot image

കോട്ടയം: ശബരിമലയിൽ മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എത്തുവർക്കായി ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണം എന്ന ആവശ്യത്തിന് ഒടുവിൽ തീരുമാനം. വെർച്വൽ ക്യൂ വഴിയുള്ള 70,000 പേർക്കുപുറമേ ദിവസവും 10,000 പേർക്കുകൂടി ദർശന സൗകര്യമുണ്ടാകുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്ട്രഷൻ നടത്തുക. പമ്പ, എരുമേലി, പീരുമേട് എന്നിവിടങ്ങളിലെ എൻട്രി പോയിന്റുകളിലും ബുക്കുചെയ്യുന്നതിന് സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

ശബരിമലയിൽ തീർഥാടനവുമായി ബന്ധപ്പെട്ട മറ്റു തീരുമാനങ്ങൾ

  1. ശബരമലയിലെത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കുന്നതായിരിക്കും.
  2. ശബരിമലയിൽ ജോലി ചെയ്ത് പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നൽകിയായിരിക്കും നിയോഗിക്കുക. സ്‌നേക്ക് ക്യാച്ചേഴ്‌സിന്റെ അടക്കം സേവനം ലഭ്യമാണ്. 2500 ആപ്തമിത്ര വോളന്റിയർമാരുടെ സേവനം അഗ്നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും. വ്യൂപോയിന്റുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കും.
  3. എല്ലാ പ്രധാനസ്ഥലങ്ങളിലും കുടിവെള്ളമെത്തിക്കാൻ ജലഅതോറിറ്റി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
  4. ചെങ്ങന്നൂർ, എരുമേലി, പമ്പയടക്കം എല്ലാ കുളിക്കടവുകളിലും ഇറിഗേഷൻ വകുപ്പ് സുരക്ഷാവേലികൾ നിർമിക്കും.
  5. വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
  6. നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലും കോട്ടയം മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവടങ്ങളിൽ ആരോഗ്യവകുപ്പ് വിപുലമായ ചികിത്സാസൗകര്യങ്ങളൊരുക്കും.
  7. പാമ്പുകടി ഏൽക്കുന്നവർക്ക് ആന്റീവെനം അടക്കമുള്ള ചികിത്സാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ലോകപ്രശസ്തനായ ന്യൂറോസർജൻ രാംനാരായണന്റെ നേതൃത്വത്തിൽ വിദഗ്ധരായ നൂറിലേറെ ഡോക്ടർമാർ ഡിവോവോട്ടീസ് ഓഫ് ഡോക്ടേഴ്സ് എന്ന പേരിൽ സേവന സന്നദ്ധത അറിയിച്ചു. ഇത് ഫലപ്രദമായി വിനിയോഗിക്കും.
  8. മോട്ടോർ വാഹനവകുപ്പ് സേഫ് സോൺ പദ്ധതി വിപുലമാക്കും. 20 സ്‌ക്വാഡുകളെ പട്രോളിങ്ങിനായി നിയോഗിക്കും. മൂന്നു കൺട്രോൾ റൂമുകൾ തുറക്കും. 24 മണിക്കൂറും സേവനം ലഭിക്കും. വാഹനങ്ങൾ കേടായാൽ മാറ്റുന്നതിന് റിക്കവറി വാഹനങ്ങളുടെ സേവനമടക്കം ലഭ്യമാക്കും.
  9. നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്കുചെയ്യാനുളള സൗകര്യം ഒരുക്കും. ഫാസ്‌റ്റ്ടാഗ് നിർബന്ധമാണ്. പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിൽ 2000 വാഹനങ്ങൾ നിർത്തിയിടാം. എരുമേലിയിൽ ഹൗസിങ് ബോർഡിന്റെ ആറരയേക്കർ പാർക്കിങ്ങിനു നൽകും.
  10. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും, തേനി-പമ്പ സെക്ടറിൽ കൂടുതൽ സർവീസുകളും ലഭ്യമാക്കും.
  11. അയ്യപ്പഭക്തർക്ക് സന്നിധാനത്ത് മൂന്നുനേരവും ഭക്ഷണസൗകര്യമൊരുക്കുന്നതായിരിക്കും.

Content Highlights: Facilities ready for pilgrimage at Sabarimala, Include Darshanam facility for 10,000 people in addition to virtual queue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us