പത്തനംതിട്ട: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പി പി ദിവ്യയ്ക്കെതിരെ മന്ത്രി കെ ബി ഗണേഷ് കുമാർ. താൻ ഇരയോടൊപ്പം ആണെന്നും പി പി ദിവ്യയുടെ ഭാഗത്താണ് തെറ്റെന്ന് ജനത്തിനും പൊലീസിനും മനസിലായെന്നും ഗണേഷ് കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.
കണ്ണൂർ കളക്ടർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും. നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ താൽപര്യത്തിനാണ് പ്രാധാന്യം. അന്വേഷണത്തിൽ വിട്ട് വീഴ്ച ഉണ്ടാകുമെന്ന് ആരും കരുതേണ്ട. അന്വേഷണത്തിൽ വെള്ളം ചേർക്കില്ലെന്നും നവീൻ ബാബുവിന്റെ ആത്മഹത്യയിൽ നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വ്യക്തമാക്കുന്ന റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.
തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോർട്ടിലുണ്ട്. എന്നാൽ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രി കെ രാജൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയിൽ ഈ രീതിയിൽ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
content highlights: kb ganesh kumar against pp divya