രണ്ടാം ഘട്ട പ്രചാരണം; ആവേശം തീർക്കാൻ പ്രിയങ്ക ഗാന്ധി വീണ്ടും വയനാട്ടിൽ, ഒപ്പം രാഹുലും

മാനന്തവാടിയിലെ മേരിമാത കോളേജ് ഗ്രൗണ്ടിൽ രണ്ട് ഹെലികോപ്ടറുകളിലായാണ് ഇരുവരുമെത്തിയത്

dot image

മാനന്തവാടി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും വീണ്ടും വയനാട്ടിലെത്തി. മാനന്തവാടിയിലെ മേരിമാത കോളേജ് ഗ്രൗണ്ടിൽ രണ്ട് ഹെലികോപ്ടറുകളിലായാണ് ഇരുവരുമെത്തിയത്. മാനന്തവാടി ഗാന്ധിപാർക്കിൽ ആദ്യ പൊതുപരിപാടി ഉണ്ടാകും. മാനന്തവാടിയിലേയും മുക്കത്തേയും പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ഇന്ന് മടങ്ങും. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുന്നത്. മണ്ഡലത്തിലെ കോര്‍ണര്‍ യോഗങ്ങളില്‍ പ്രിയങ്ക പങ്കെടുത്തേക്കും.

തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണ പരിപാടികള്‍ ശക്തമാക്കിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിലെ ഗോത്രവര്‍ഗ ഊരുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ്. നവംബര്‍ ഏഴിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നവ്യാ ഹരിദാസിന് പിന്തുണയറിയിച്ച് വയനാട്ടിലെത്തും. മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നവ്യാ ഹരിദാസിനൊപ്പം പ്രചാരണത്തിനെത്തിയേക്കും.

അതേസമയം, പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. നവംബര്‍ ആറിന് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരിക്ക് വേണ്ടി പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തും.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 16 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇവര്‍ക്കുള്ള ചിഹ്നവും നല്‍കിയിട്ടുണ്ട്. 1354 പോളിംഗ് സ്‌റ്റേഷനുകളാണ് വയനാട്ടിലുള്ളത്. 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെയാണിത്. മാനന്തവാടി 173, ബത്തേരി 218, കല്‍പ്പറ്റ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂര്‍ 209, വണ്ടൂര്‍ 212 എന്നിങ്ങനെയാണ് പോളിംഗ് ബൂത്തുകള്‍. 11 ബൂത്തുകള്‍ പ്രത്യേക സുരക്ഷ പട്ടികയിലുണ്ട്.

ഏഴ് വിതരണ, നവീകരണ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. മണ്ഡലത്തില്‍ എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ദുരന്തമുഖമായ ചൂരല്‍മലയില്‍ രണ്ട് ബൂത്തുകളാണുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ 10,12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി ഗവ. ഹയര്‍ സെക്കന്‌ററി സ്‌കൂളിലും പ്രത്യേക പോളിംഗ് ബൂത്ത് ഏര്‍പ്പെടുത്തും.

content highlights: Priyanka Gandhi and Rahul Gandhi came to Wayanad for election campaign

dot image
To advertise here,contact us
dot image