ബിജെപിയുടെ ആശയം വിട്ടുവന്നാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കും; ബിനോയ് വിശ്വം

'മുനമ്പത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ല'

dot image

നിലമ്പൂര്‍: ബിജെപിയുടെ ആശയം വിട്ടുവന്നാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നിലപാടില്‍ പ്രതിഷേധിച്ച് പുറത്തു വരുന്നവരെ ഇടതുപക്ഷം സ്വീകരിക്കും. ബിജെപിയെ ശക്തമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. പ്രതിഷേധ സൂചകമായി പാലക്കാട് പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് വാര്യര്‍ ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടാനും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാനും ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മുനമ്പം വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്താന്‍ കോടതിക്ക് പുറത്ത് ചര്‍ച്ചയാകാമെന്ന മുസ്‌ലിം സംഘടനകളുടെ നിലപാടിനെ ബിനോയ് വിശ്വം സ്വാഗതം ചെയ്തു. മുനമ്പത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ല. ചിലര്‍ വിഷയത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കി പ്രശ്‌നപരിഹാരത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുനമ്പം ഭൂമി പ്രശ്‌നം പോകരുതെന്നും വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

മുനമ്പം ഭൂമി പ്രശ്‌നം മുസ്‌ലിം സമുദായത്തിനിടയില്‍ ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തിലാണ് സാദിഖലി തങ്ങള്‍ യോഗം വിളിച്ചത്. മുനമ്പത്തുള്ളവര്‍ വര്‍ഷങ്ങളായി അവിടെ താമസിക്കുന്നവരാണെന്നും ഭൂമി സംബന്ധമായ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചില സ്വാര്‍ത്ഥ താത്പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദത്തെ ദോഷകരമായി ബാധിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.

കോടതി നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യമാണുള്ളതെന്നും കോടതിക്ക് പുറത്ത് വിഷയം ഒത്തുതീര്‍പ്പിലെത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങണമെന്നും യോഗം ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നേരിട്ടോ കമ്മീഷന്‍ വഴിയോ ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണം. സമവായത്തിലെത്താനുള്ള പരിശ്രമങ്ങള്‍ക്കും തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ക്കും മുസ്‌ലിം സംഘടനകള്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിരുന്നു.

വയനാട്ടിലെ മത്സരം രാഷ്ട്രീയമായാണ് ഇടതുപക്ഷം കാണുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രിയങ്ക ഗാന്ധി പത്രിക സമര്‍പ്പണത്തിന് എത്തിയപ്പോള്‍ കെപിസിസി പ്രസിഡന്റിന് പോലും ഇടംനല്‍കാതെ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കാണ് ഇടം നല്‍കിയത് ബിജെപിയുടെ ഇലക്ട്രല്‍ ബോണ്ടിലേക്ക് 170 കോടി രൂപ നല്‍കിയ ബിസിനസുകാരനാണ് റോബര്‍ട്ട് വാദ്ര. ഇത് കോണ്‍ഗ്രസ്-ബിജെപി ഡീല്‍ തുറന്നുകാട്ടുന്നതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Content Highlights: Sandeep Warrier will be accepted if the idea of ​​BJP is abandoned; Benoy Vishwam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us