ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി രവനീത് സിംഗ് ബിട്ടുവിന് മലയാളത്തില്‍ കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മന്ത്രി ഹിന്ദിയില്‍ മാത്രം നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് എംപി മലയാളത്തില്‍ കത്തയച്ചത്. കേന്ദ്ര റെയില്‍വേ-ഭക്ഷ്യസംസ്‌കരണ വ്യവസായ സഹകരണ മന്ത്രിയാണ് ബിട്ടു. താങ്കളുടെ കത്തുകള്‍ വായിച്ചു മനസ്സിലാക്കാന്‍ ഹിന്ദി ഭാഷ പഠിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രിക്കയച്ച കത്തില്‍ ജോണ്‍ ബ്രിട്ടാസ് പറയുന്നു.
നേരത്തെ ബിട്ടുവിന്റെ ഹിന്ദിയിലുള്ള കത്തിന് തമിഴില്‍ മറുപടി നല്‍കിയിരുന്നു ഡിഎംകെ നേതാവും രാജ്യസഭ എംപിയുമായ എം എം അബ്ദുള്ള. ബിട്ടു ഹിന്ദിയില്‍ അയച്ച കുറിപ്പില്‍ ഒരു വാക്കുപോലും മനസ്സിലായില്ലെന്നും അബ്ദുള്ള തന്റെ തമിഴ് കത്തില്‍ പറഞ്ഞിരുന്നു. വിഷയത്തെ കുറിച്ച് അബ്ദുള്ള തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചിരുന്നു.
തീവണ്ടികളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവയുമായി അബ്ദുള്ള ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ബിട്ടു അബ്ദുള്ളക്ക് മറുപടിക്കത്ത് നല്‍കിയത്. ഈ കത്ത് ഹിന്ദിയിലായിരുന്നുവെന്ന് അബ്ദുള്ള പറഞ്ഞു.
'റെയില്‍വേ സഹമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്ത് എപ്പോഴും ഹിന്ദിയിലാണ്. അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരെ വിളിച്ച് എനിക്ക് ഹിന്ദി അറിയില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഭാഷാ മാധ്യമമായി ഇംഗ്ലീഷ് ഉപയോഗിക്കാനും അഭ്യര്‍ത്ഥിച്ചതാണ്. പക്ഷെ കത്ത് ഹിന്ദിയിലായിരുന്നു. അവര്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കും വിധത്തില്‍ ഞാന്‍ മറുപടി അയച്ചിട്ടുണ്ട്.', എന്നാണ് അബ്ദുള്ള എക്‌സില്‍ കുറിച്ചത്. ഇനി മുതല്‍ തന്നോട് ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താനും അബ്ദുള്ള തമിഴില്‍ ബിട്ടുവിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.