സന്ദീപിന്റെ അമ്മ മരിക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല, വിഷമമുണ്ടെങ്കില്‍ പരിഹരിക്കും: സി കൃഷ്ണകുമാർ

സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സി കൃഷ്ണകുമാര്‍

dot image

പാലക്കാട്: സന്ദീപ് വാര്യരുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. പ്രോട്ടോക്കോള്‍ നോക്കാതെ എല്ലാ പ്രവര്‍ത്തകരുമായും സംസാരിക്കുന്ന വ്യക്തിയാണ് താന്‍. കണ്‍വെന്‍ഷന് ശേഷം സന്ദീപുമായി സംസാരിച്ചിരുന്നു. എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ പരിഹരിക്കും. സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സി കൃഷ്ണകുമാര്‍ പ്രതികരിച്ചു.

സന്ദീപ് വാര്യരുടെ അമ്മ മരിച്ച സമയത്ത് താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. സന്ദീപിനെ ഫോണില്‍ വിളിച്ചിരുന്നു. സംഘടനയോട് ആത്മാര്‍ത്ഥതയുള്ള, സംഘടനയില്‍ ഉറച്ചുനില്‍ക്കുന്ന ഒരാള്‍ക്കും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാകില്ലെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

നിരവധി തവണ പാര്‍ട്ടിയില്‍ അപമാനം നേരിട്ടുവെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. അപമാനം നേരിട്ടിടത്ത് വീണ്ടുമെത്താന്‍ ആത്മാഭിമാനം സമ്മതിക്കുന്നില്ലെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. അമ്മ മരിച്ചപ്പോള്‍ പോലും ആശ്വസിപ്പിക്കാന്‍ കൃഷ്ണകുമാര്‍ വീട്ടിലെത്തുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

സന്ദീപ് വാര്യര്‍ മാറി നല്‍ക്കരുതെന്ന് പറയുന്ന ആള്‍ താന്‍ നേരിട്ട അപമാനത്തെ കുറിച്ച് ഒന്നും പറയുന്നില്ല. പ്രതികരിക്കാന്‍ ഇത്രയും വൈകിയത് തന്നെ ആശ്വസിപ്പിക്കാന്‍ താന്‍ ബഹുമാനിക്കുന്ന മുതിര്‍ന്ന ആരെങ്കിലുമൊക്കെ ശ്രമിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും തന്നെ സ്‌നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാനാണ് കുറിപ്പെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. കുറിപ്പില്‍ സി കൃഷ്ണകുമാറിന് വിജയാശംസകളും നേര്‍ന്നിരുന്നു.

Content Highlights: C Krishnakumar's Response On The Allegations Of Sandeep Varier

dot image
To advertise here,contact us
dot image