കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ തീരദേശവാസികളുടെ നിരാഹാര സമരം 23-ാം ദിവസത്തിലേക്ക്. ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ നിരാഹാര സമരം നടത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നത് വരെ സമരം തുടരുമെന്ന് സമര സമിതി വ്യക്തമാക്കി.
വർഷങ്ങളായി പ്രദേശത്തെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്. സര്‍ക്കാര്‍ എത്രയും വേഗം വിഷയത്തിന് പരിഹാരം കാണമെന്നാണ് ആവശ്യം.
വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ നഷ്ടമായത്. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്ത് വന്നാലും തങ്ങള്‍ വീടു വിട്ടിറങ്ങില്ലെന്ന് ജനങ്ങള്‍ പറയുന്നു. വെടിവെച്ച് കൊന്നാലും വീട് വിട്ട് ഇറങ്ങില്ല. സമാധാനത്തോടെ ജീവിച്ചിരുന്നതാണ്. ഇതിനിടെ ഭൂമി അവരുടേതാണെന്ന് പറഞ്ഞ് വന്നിരിക്കുകയാണ്. ഒരു പ്രാവശ്യം അവര്‍ വന്നതാണ്. ഇപ്പോള്‍ വീണ്ടും വന്നിരിക്കുകയാണ്. പെട്ടെന്ന് കുറച്ച് പണത്തിന് ആവശ്യം വന്നാല്‍ ലോണ്‍ എടുക്കാന്‍ സാധിക്കില്ല. കരം അടയ്ക്കാന്‍ പോലും സാധിക്കുന്നില്ല. തങ്ങള്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നും പ്രദേശവാസികള്‍ ചോദിക്കുന്നു.
അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 16നാണ് യോഗം. ഓണ്‍ലൈനായാകും യോഗം ചേരുക. നിയമ, റവന്യൂ മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും.
പ്രശ്‌നം പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഒരാളെ പോലും കുടിയൊഴിപ്പിക്കരുതെന്നാണ് നിലപാട്. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്ന് സാദിഖലി തങ്ങള്‍ വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടിരുന്നു. സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍ മുന്‍കൈ എടുക്കണമെന്നാണ് ആവശ്യം.
Content Highlights: Coastal residents strike over Munambam land issue continues