'സന്ദീപ് വാര്യരാണ് രാഷ്ട്രീയ മാറ്റത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത്, ഇടതുപക്ഷത്തേക്ക് പോയാൽ വറചട്ടിയിലേക്ക്'

സന്ദീപ് വാര്യരെ കോൺഗ്രസ് ക്ഷണിക്കുന്നില്ലെന്നും ക്ഷണിക്കേണ്ട ആവശ്യം ഇല്ലെന്നും മുരളീധരൻ പറഞ്ഞു

dot image

മലപ്പുറം: ബിജെപിയിൽ അതൃപ്തിയും വിവാദങ്ങളും പുകയുന്നതിനിടെ, സന്ദീപ് വാര്യരാണ് രാഷ്ട്രീയ മാറ്റത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടതെന്ന് അഭിപ്രായപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. സന്ദീപ് വാര്യരെ കോൺഗ്രസ് ക്ഷണിക്കുന്നില്ലെന്നും ക്ഷണിക്കേണ്ട ആവശ്യം ഇല്ലെന്നും പറഞ്ഞ മുരളീധരൻ, സന്ദീപ് ഇടതുപക്ഷത്തേക്ക് പോയാൽ എരിചട്ടിയിൽ നിന്ന് വറചട്ടിയിലേക്കുള്ള ചാട്ടമാകുമെന്നും പറഞ്ഞു.

പത്രസമ്മേളനത്തിൽ റിപ്പോർട്ടറിനെയും 24 ന്യൂസിനെയും ബഹിഷ്കരിച്ച ശോഭാ സുരേന്ദ്രന്റെ നിലപാടിനെയും കെ മുരളീധരൻ തള്ളിപ്പറഞ്ഞു.ഒരു മാധ്യമങ്ങളെയും ബഹിഷ്ക്കരിക്കുന്ന രീതി ശരിയല്ലെന്ന് അഭിപ്രായപ്പെട്ട മുരളീധരൻ മാധ്യമങ്ങളെ ഒരിക്കലും കോൺഗ്രസ് ബഹിഷ്ക്കരിച്ചിട്ടില്ലെന്നും അതിന് ഇനി ശ്രമിക്കുകയുമില്ലെന്നും കൂട്ടിച്ചേർത്തു. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് ആ ചാനലിനെ ശത്രുവായി കാണുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.

തനിക്കെതിരെ വിമർശനം ഉന്നയിച്ച പത്മജയ്ക്കെതിരെ എന്നാൽ മുരളീധരൻ അതെ ഭാഷയിൽ വിമർശനം ഉന്നയിക്കാൻ തയ്യാറായില്ല. പത്മജ ബിജെപിയാണ്. ബിജെപിക്കാർ പറയുന്നതിന് മറുപടിയില്ലെന്നും ബിജെപിയുടെ നേതാക്കളാരും കോൺഗ്രസ്സിനെപ്പറ്റി നല്ലതുപറയില്ലെന്നും കൂട്ടിച്ചേർത്തു. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് കെ മുരളീധരന്‌റെ ഗതികേടാണെന്നായിരുന്നു സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാലിന്റെ പ്രതികരണം. അമ്മയെ അത്രയധികം മോശമായി പറഞ്ഞയാളാണ് രാഹുല്‍. അങ്ങനെയൊരാള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയ പാര്‍ട്ടിയില്‍ ആത്മാഭിമാനത്തോടെ നില്‍ക്കാനാകില്ലെന്നും പത്മജ വേണുഗോപാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ പത്മജ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വേഗം പറഞ്ഞുതീര്‍ക്കണമെന്നും വ്യക്തമാക്കിയിരുന്നു.

പാലക്കാട് യുഡിഎഫിന് വിജയസാധ്യതയില്ല എന്ന പ്രചാരണങ്ങളെയും മുരളീധരൻ തള്ളി. വിജയസാധ്യതയ്ക്ക് ഒരു കുറവും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ മുരളീധരൻ പാലക്കാടിനെക്കുറിച്ച് വസ്തുതകൾ പഠിക്കാതെയാണ് പലരും അഭിപ്രായം പറയുന്നതെന്നും പാലക്കാടിന്റെ വിജയത്തിൽ യുഡിഎഫിന് സംശയമില്ലെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Content Highlights: K Muraleedharan teases Sandeep Varier

dot image
To advertise here,contact us
dot image