മുനമ്പം പ്രശ്‌നത്തില്‍ സങ്കീര്‍ണതയുണ്ട്, കുരുക്കഴിക്കും, നിയമ പരിരക്ഷയൊരുക്കും: പി രാജീവ്

ആളുകളെ ഇറക്കിവിടരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വിഷയം രമ്യമായി പരിഹരിക്കുമെന്നും മന്ത്രി

dot image

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ പ്രതികരിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അവിടെ താമസിക്കുന്നവര്‍ക്ക് കരം അടയ്ക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ആളുകളെ ഇറക്കിവിടരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വിഷയം രമ്യമായി പരിഹരിക്കും. ഉന്നത തല യോഗം ഉടനെ ചേരും. ഈ മാസം 16നാണ് ഉന്നതതലയോഗം. അവകാശം സംരക്ഷിക്കപ്പെടണം. നിയമപരമായ വശങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കും. എല്ലാ വശങ്ങളും പരിശോധിക്കും. നിയമപരമായ നടപടികളാണ് വേണ്ടതെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കോഫി വിത്ത് അരുണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനമ്പത്ത് പണം കൊടുത്ത് സ്ഥലം വാങ്ങി ദീര്‍ഘകാലമായി താമസിച്ചുവരുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് സര്‍ക്കാരിന്റെ നിലപാട് എന്ന് മന്ത്രി പറഞ്ഞു. 'അവിടുത്തെ എംഎല്‍എ ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടത്പ്രകാരം റവന്യുവകുപ്പ് മന്ത്രിയും വഖഫ് മന്ത്രിയും ചേര്‍ന്ന് യോഗം ചേരുകയുണ്ടായി. ചില സങ്കീര്‍ണ്ണതകള്‍ ഉണ്ടെങ്കില്‍പ്പോലും അത്തരം യോഗത്തില്‍ ദീര്‍ഘകാലമായി അവിടെ താമസിക്കുന്നവര്‍ എന്ന നിലയില്‍ അവരുടെ നികുതി വസ്തുകരം അടയ്ക്കുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. സമരം ആരംഭിക്കുന്നതിന് മുന്‍പാണ് ഈ തീരുമാനമെടുത്തത്. സമരത്തിന് മുന്‍പ് ഞാന്‍ അവിടെ പോയിട്ടുണ്ട്. അവിടെയുള്ള വരുമായി സംസാരിച്ചിട്ടുണ്ട്.

ഈ തീരുമാനം വഖ്ഫ് സംരക്ഷണ സമിതി കോടതിയില്‍ ചോദ്യം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു. അന്ന് സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ഒരു വ്യാഖ്യാനം നടത്തിയിട്ടാണ് ഇവരെ സംരക്ഷിക്കുക എന്ന സമീപനം സ്വീകരിച്ചിരുന്നത്. ദീര്‍ഘകാലമായി അവിടെ താമസിക്കുന്നവരെ ഇറക്കിവിടരുതെന്ന സമീപനമാണ് തുടക്കം മുതല്‍ തന്നെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കുറേയേറെ സങ്കീര്‍ണ്ണതകളുള്ള പ്രശ്‌നമാണ്. സാധ്യമാകുന്ന രൂപത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കും. അവിടെ താമസിക്കുന്നവരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള നിലപാട് തന്നെയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

മുനമ്പം സമരം

മുഖ്യമന്ത്രി, റവന്യുമന്ത്രി വഖഫ് മന്ത്രി എന്നിവര്‍ ചേര്‍ന്നിട്ടാണ് നേരത്തെ ഒരു തീരുമാനം എടുത്തിരുന്നത്. എല്ലാ തലത്തിലും മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് ഉന്നത തലയോഗം ചേരുന്നുണ്ട്. ഇതിന്റെ നിയമനടപടികള്‍, സങ്കീര്‍ണ്ണതകള്‍ എല്ലാ തലത്തിലും പരിശോധിക്കുന്നുണ്ട്. അവിടെ പണം കൊടുത്ത് വാങ്ങി ദീര്‍ഘകാലമായി താമസിച്ചുവരുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിന് നിയമത്തിന് അകത്ത് എന്തെല്ലാം സാധ്യമാകും ആ വശങ്ങളാണ് സര്‍ക്കാര്‍ പരിശോധിക്കാന്‍ പോകുന്നത്.

നിയമപരമായി എല്ലാ വശങ്ങളും ഉറപ്പുവരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. അവിടെ താമസിക്കുന്നവരുടെ ജാതിയോ മതമോ അല്ല നോക്കുന്നത്. രാഷ്ട്രീയ സമയവായവുമല്ല വേണ്ടത്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. വിറ്റവര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് വേറെ രീതിയില്‍ പരിശോധിക്കേണ്ട കാര്യമാണ്. പലരും നല്‍കിയ കുറിപ്പുകള്‍, സംഘടനകള്‍ നല്‍കിയ പാരതികള്‍ എല്ലാം പരിശോധിക്കുന്നുണ്ട്. നിയമസങ്കീര്‍ണ്ണതകളാണ് പ്രശ്‌നം. ഉന്നത തലയോഗമാണ് പ്രധാനം. അതിനകത്തെ നിയമസങ്കീര്‍ണ്ണതയും കുരുക്കുമാണ് അഴിക്കേണ്ടത്', പി രാജീവ് പറഞ്ഞു.

Content Highlights: Minister P Rajeev said that the government will ensure the legal aspects of the Munambam issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us