കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്(19) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്നലെ മരിച്ചിരുന്നു. കെ രതീഷ്(32), ബിജു(38) എന്നിവരാണ് ഇന്നലെ മരിച്ചത്. ചികിത്സയിലായിരിക്കെ ഒരാള്‍ ശനിയാഴ്ച മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് മരിച്ചത്.
അപകടത്തിൽ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. ഷിബിൻ രാജിന് 60% ആണ് പൊള്ളലേറ്റത്. ഇരുവരെയും ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി.
ഒക്ടോബര്‍ 28ന് അര്‍ധരാത്രിയാണ് ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം. പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. ഇരുന്നൂറിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.
പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മംഗളൂരു, കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലുമായാണ് പൊള്ളലേറ്റവര്‍ ചികിത്സയിലുള്ളത്.
അതേസമയം സംഭവത്തില്‍ അറസ്റ്റിലായവരുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്ട്രേറ്റ്(രണ്ട്) കോടതിയുടെ വിധിയാണ് ജില്ലാ സെഷന്‍സ് കോടതി സ്റ്റേ ചെയ്തത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
Content Highlights: One More Death In Kasaragod Firecracker Accident