'സ്വാഗതം ചെയ്ത സിപിഐഎമ്മിലെ നേതാക്കളോട് സ്നേഹം'; സന്ദീപ് വാര്യർ

തന്നെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്ത സിപിഐഎം നേതാക്കളോട് സ്നേഹമുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ

dot image

പാലക്കാട്: തന്നെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്ത സിപിഐഎം നേതാക്കളോട് സ്നേഹമുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. തന്റെ മനസ്സിൽ ശൂന്യത മാത്രമാണെന്നും ഇപ്പോഴുള്ള നിലപാടിൽ മാറ്റമില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപിനെ അനുനയിപ്പിക്കാൻ ബിജെപി നേതാക്കളും ആർഎസ്എസ് നേതാക്കളുമെല്ലാം വീട്ടിലെത്തുന്നുണ്ട്. മുതിർന്ന് ആർഎസ്എസ് നേതാവ് ജയകുമാറും വീട്ടിലെത്തിയിരുന്നു. ജയകുമാറുമായി അടുത്ത ബന്ധമാണുള്ളതെന്നും, അദ്ദേഹം ഗുരുതുല്യനാണെന്നും പറഞ്ഞ സന്ദീപ് ജയകുമാര്‍ എത്തിയാൽ സംഘം വീട്ടിലെത്തി എന്ന് കരുതുന്നുവെന്നും കൂട്ടിച്ചേർത്തു.

അതേസമയം, പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ വീണ്ടും രംഗത്തുവന്നിരുന്നു. പാലക്കാട് താന്‍ വളര്‍ന്നുവരുന്നതില്‍ സി കൃഷ്ണകുമാറിന് തന്നോട് അസൂയയാണെന്നും തന്നെ ഒതുക്കാനും ഇല്ലാതാക്കാനും ബോധപൂര്‍വം ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

താന്‍ വീരാരാധന ആഗ്രഹിക്കുന്ന ആളല്ല. പ്രത്യേക താല്‍പര്യങ്ങളോ ആഗ്രഹങ്ങളോ ഇല്ല. നിലവില്‍ താന്‍ ബിജെപിയുടെ ഭാഗമാണ്. വ്യക്തിപരമായി ആരെയും വേദനിപ്പിച്ചിട്ടില്ല. തനിക്ക് പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍ ഉണ്ടായിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മാത്രം വലിയ നേതാവാണെന്ന് തോന്നിയിട്ടില്ല. പാര്‍ട്ടി വിടുന്ന കാര്യം സ്വപ്‌നത്തില്‍ പോലുമില്ല. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയാക്കുന്നത് പി എസ് ശ്രീധരന്‍പിള്ള അദ്ധ്യക്ഷനായിരുന്നപ്പോഴാണ്. കേരളത്തിലെ നശിച്ച ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകരുതെന്ന് ഉപദേശിച്ചു. ഈ നിമിഷം വരെ അനുസരിച്ചു. ഗോഡ് ഫാദര്‍ ഇല്ലാത്തത്തിന്റെയും പക്ഷമില്ലാത്തതിന്റെയും പ്രശ്‌നങ്ങളാണെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Content Highlights: Sandeep Varier welcomes cpim leaders move to welcome him to party

dot image
To advertise here,contact us
dot image