CLOSE ENCOUNTER: സന്ദീപ് വാര്യര്‍ കറകളഞ്ഞ ക്രിസ്റ്റൽ ക്ലിയർ സഖാവാകും: എ കെ ബാലൻ

റിപ്പോ‍ർട്ടർ ടിവിയുടെ അഭിമുഖ പരിപാടിയായ ക്ലോസ് എൻകൗണ്ടറിൽ സംസാരിക്കുകയായിരുന്നു എ കെ ബാലൻ

dot image

പാലക്കാട്: സന്ദീപ് വാര്യർ നമ്പർ വൺ കോമ്രേഡ് ആകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയം​ഗം എ കെ ബാലൻ. സന്ദീപ് വാര്യ‍ർ ക്രിസ്റ്റൽ ക്ലിയർ ആകുമെന്നും മുൻപ് പറഞ്ഞതൊന്നും പ്രശ്നമല്ലെന്നും എ കെ ബാലൻ വ്യക്തമാക്കി. കറകളഞ്ഞ കമ്യൂണിസ്റ്റുകാരെ കൊണ്ട് മാത്രം ഞങ്ങൾക്ക് ഭരണം കിട്ടുമോ എന്ന് ചോദിച്ച എ കെ ബാലൻ ഓരോ കാലത്ത് ഓരോരുത്തരെ കിട്ടുമെന്നും ചൂണ്ടിക്കാണിച്ചു. റിപ്പോ‍ർട്ടർ ടിവിയുടെ അഭിമുഖ പരിപാടിയായ ക്ലോസ് എൻകൗണ്ടറിൽ സംസാരിക്കുകയായിരുന്നു എ കെ ബാലൻ.

അരിവാൾ ചുറ്റികയെയും സ്വതന്ത്ര ചിഹ്നത്തെയും തിരഞ്ഞെടുപ്പിൽ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച എ കെ ബാലൻ കോൺഗ്രസുകാർ സിപിഐഎം ഓഫീസിൽ ക്യൂ നിൽക്കുകയാണെന്നും വ്യക്തമാക്കി. കോൺഗ്രസിലും ബിജെപിയിലും കുറച്ചു കൂടി പൊട്ടലുണ്ടാകുമെന്നും എ കെ ബാലൻ വെളിപ്പെടുത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഡോ സരിൻ മികച്ച സ്ഥാനാർത്ഥിയാണ്. സീറ്റ് കിട്ടാത്തതല്ല സരിൻ്റെ പ്രശ്നമെന്നും എ കെ ബാലൻ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ കോൺ​ഗ്രസ് നേതാക്കളുമായി സിപിഐഎം സഹകരിച്ചിരുന്നതും ക്ലോസ് എൻകൗണ്ടറിൽ എ കെ ബാലൻ ചൂണ്ടിക്കാണിച്ചു. കെ കരുണാകരനെ കരിങ്കാലി എന്ന് വിളിച്ചവരാണ് ഞങ്ങൾ. എന്നാൽ അദ്ദേഹം പോലും ഞങ്ങൾക്ക് ഒപ്പം വന്നു. എ കെ ആൻ്റണി എകെജി സെൻ്ററിൽ വന്ന് കൂടെയിരുന്ന് ഭരിച്ചു. കുഞ്ഞാലിയുടെ കൊലപാതകിക്ക് സിപിഐഎം വോട്ട് ചെയ്തിട്ടുണ്ട്. മുസ്ലീം ലീഗിനെ കൂടെ കൂട്ടിയിട്ടുണ്ട്. നരസിംഹ റാവു ഭരിച്ചത് ഞങ്ങളുടെ പിന്തുണയോടെയാണെന്നും എ കെ ബാലൻ പറഞ്ഞു. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്നും എ കെ ബാലൻ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനമാണ് ക്ലോസ് എൻകൗണ്ടറിൽ എ കെ ബാലൻ ഉന്നയിച്ചത്. പത്തനംതിട്ടയിൽ കൈ കൊടുക്കൽ നിഷിദ്ധമാണോയെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡണ്ട് മറുപടി പറയണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമാണോ ജയിച്ചാൽ കൊണ്ടു വരികയെന്നും കരുണാകരൻ്റെ ശവകുടീരത്തിൽ രാഹുൽ പോകാത്തത് മനസിലുള്ള ആത്മാർത്ഥത കൊണ്ടാണോയെന്നും എകെ ബാലൻ ചോദിച്ചു.

പി സരിൻ ജയിക്കുമെന്ന് വ്യക്തമാക്കിയ എ കെ ബാലൻ ഭൂരിപക്ഷം ഇപ്പോ പറയുന്നില്ലെന്നും ചൂണ്ടിക്കാണിച്ചു. പാലക്കാട് ബിജെപി മൂന്നാമതാകും. തെരഞ്ഞെടുപ്പ് നീട്ടിയത് സഹായിക്കുമെന്നും എ കെ ബാലൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൊടകര കേസുമായി ബന്ധപ്പെട്ട് ഇഡി തുടരന്വേഷണം നടത്തിയിട്ടില്ലെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി. കൊടകര കേസ് ഇ ഡി അന്വേഷിക്കണമെന്ന് ഞങ്ങൾ പറഞ്ഞു. ഇഡിയും അഫിഡവിറ്റ് കൊടുത്തു. എന്നിട്ടും ഇഡി അന്വേഷിച്ചില്ലെന്നായിരുന്നു എ കെ ബാലൻ്റെ കുറ്റപ്പെടുത്തൽ. മുഖ്യമന്ത്രി നിയമസഭക്കകത്തും പുറത്തും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച എ കെ ബാലൻ. കൊടകര കേസിൽ ഏത് അന്വേഷണം വേണമെന്ന് സർക്കാർ ആലോചിക്കുന്നുവെന്നും എ കെ ബാലൻ ചൂണ്ടിക്കാണിച്ചു.

Content Highlights: AK Balan about Sandeep Varier on Close Encounter

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us