സംസ്ഥാന സ്‌കൂള്‍ കായികമേള: ഗെയിംസ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും

മേളയുടെ ആദ്യ ടീം വ്യക്തിഗത മെഡല്‍ ജേതാക്കളെ ഇന്ന് അറിയാം.

dot image

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ടെന്നീസ്, വോളിബോള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇന്ന് നടക്കുക. കൂടാതെ പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗെയിംസ് ഇനങ്ങളും ആരംഭിക്കും. എട്ട് ദിവസമായി നടക്കുന്ന മേളയില്‍ വ്യാഴാഴ്ചയാണ് അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാവുക.

മേളയുടെ ആദ്യ ടീം വ്യക്തിഗത മെഡല്‍ ജേതാക്കളെ ഇന്ന് അറിയാം. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങള്‍ നടക്കും. നീന്തല്‍ മത്സരങ്ങള്‍ പൂര്‍ണമായും കോതമംഗലത്തും ഇന്‍ഡോര്‍ മത്സരങ്ങള്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍സ് സെന്ററിലുമാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗണ്‍ഹാളിലും മത്സരങ്ങള്‍ നടക്കും. ഏഴ് മുതല്‍ 11 വരെയാണ് അത്ലറ്റിക്സ് മത്സരങ്ങള്‍.

ഒളിമ്പിക്‌സ് മാതൃകയില്‍ സംസ്ഥാനത്ത് നടത്തുന്ന ആദ്യ സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്നലെയാണ് തിരിതെളിഞ്ഞത്. ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ്, മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകര്‍ന്നതോടെയാണ് മേളയ്ക്ക് ഔദ്യോഗികമായി തുടക്കമായത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനം നടന്‍ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്.

Content Highlights: Competitions in the Games events of the State School Sports Fair will start today

dot image
To advertise here,contact us
dot image