തൃശൂര്‍: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നതിനെ വിമര്‍ശിച്ച ബിജെപി നേതാവും സഹോദരിയുമായ പത്മജ വേണുഗോപാലിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. താന്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടിയാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. വ്യക്തികള്‍ക്ക് വേണ്ടിയല്ല തന്റെ പ്രചാരണമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പാലക്കാടും ചേലക്കരയും പ്രചരണത്തിന് സജീവമായി ഉണ്ടാകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടി വേദികളില്‍ സജീവമാകണമോ എന്നത് ആലോചിക്കാന്‍ സമയമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
തൃശൂര്‍ പൂര വിവാദത്തിലും സുരേഷ് ഗോപിയുടെ ഇടപെടലിലും കെ മുരളീധരന്‍ പ്രതികരിച്ചു. തൃശൂര്‍ പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നായിരുന്നു പ്രതികരണം. പകല്‍ പൂരത്തിന്റെ സമയത്ത് സുരേഷ് ഗോപിയെ ആ പരിസരത്ത് കാണാനേ ഇല്ലായിരുന്നു. രാത്രിയില്‍ വന്നിറങ്ങി കമ്മീഷണര്‍ മോഡല്‍ ഇടപെടലായിരുന്നു സുരേഷ് ഗോപി നടത്തിയത്. മന്ത്രി രാജനെ പോലും വകവെയ്ക്കാതിരുന്ന കമ്മീഷണര്‍ അങ്കിത് അശോക്, സുരേഷ് ഗോപിയെ കണ്ടതോടെ സ്വഭാവം മാറ്റിയെന്നും കെ മുരളീധരന്‍ പറഞ്ഞു. സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നത് മായക്കാഴ്ച ആയതുകൊണ്ടാകും ഇപ്പോള്‍ കേസ് വന്നതെന്നും കെ മുരളീധരന്‍ പരിഹസിച്ചു. കേസ് ഇലക്ഷന്‍ സ്‌പെഷ്യല്‍ മാത്രമാണ്. പതിമൂന്ന് കഴിഞ്ഞാല്‍ കേസൊക്കെ തീരുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
സുരേഷ് ഗോപിയെ വിജയിപ്പിച്ചതുകൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നും കെ മുരളീധരന്‍ ചോദിച്ചു. അതിന് ശേഷം കരുവന്നൂരുമില്ല, ഇ ഡിയുമില്ല. സുരേഷ് ഗോപി പറഞ്ഞത് പോലെ എല്ലാം മായക്കാഴ്ചയായി. കേസൊക്കെ തേഞ്ഞു മാഞ്ഞു പോയെങ്കിലും പിണറായിക്ക് നല്ല ഡോസ് കിട്ടി. ജയിപ്പിച്ചു വിട്ടയാള് തന്നെ തന്തക്ക് വിളിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞു. പൂരം കലങ്ങിയില്ലെന്ന പിണറായിയുടെ പ്രതികരണത്തിനും കെ മുരളീധരന്‍ മറുപടി നല്‍കി. പൂരം കലങ്ങിയോ ഇല്ലയോ എന്ന് പറയാന്‍ ആ മനുഷ്യന്‍ പൂരം കണ്ടിട്ടുണ്ടോ എന്നായിരുന്നു കെ മുരളീധരന്‍ ചോദിച്ചത്.
Content Highlights- congress leader k muraleedharan reply to padmaja venugopal