'തെറ്റുപറ്റിയെന്ന് എഡിഎം കളക്ടറോട് പറഞ്ഞു, കൈക്കൂലി വാങ്ങിയെന്നല്ലേ അതിനർത്ഥം'; കോടതിയിൽ ദിവ്യയുടെ വാദം

എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചു നിൽക്കുകയാണ് പി പി ദിവ്യ

dot image

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കുന്നു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുന്നത്. എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചു നിൽക്കുകയാണ് പി പി ദിവ്യ. എഡിഎമ്മിൻ്റെ ഫോൺ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി കോടതിയിൽ വാദിച്ചത്.

നവീൻ ബാബു തന്‍റെയടുത്തുവന്ന് കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴിയുടെ വിശദാംശങ്ങൾ പരിശോധിക്കണമെന്നും എഡിഎം തെറ്റു പറ്റിയെന്ന് പറഞ്ഞാൽ കൈക്കൂലി അല്ലാതെ മറ്റെന്താണ് അർത്ഥമെന്നും ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ വാദിച്ചു. മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ഉടനെ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയെന്ന് വ്യക്തമാക്കിയാണ് ദിവ്യയുടെ അഭിഭാഷകൻ വാദം തുടങ്ങിയത്.

ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ ചോദിച്ചപ്പോൾ അതിനെ തങ്ങൾ എതിർത്തില്ലെന്നും അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഇക്കാര്യം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിയിൽ പരാമർശിച്ചിട്ടുണ്ട്. യാത്രയയപ്പ് ചടങ്ങിൽ അങ്ങനെ സംസാരിക്കേണ്ടിയിരുന്നില്ല എന്നത് അംഗീകരിക്കുന്നു. ഉദ്ദേശ്യം ഇല്ലാതെ ചെയ്‌താൽ കുറ്റമാണോയെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയോട് ചോദിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

കൈക്കൂലി നൽകിയെന്ന് പ്രശാന്ത് മൊഴി നൽകിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു വാദം. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ഇത് ദിവ്യയുടെ ആരോപണത്തെ ശരിവെക്കുന്നതാണ്. കൈക്കൂലി നൽകിയത് ആറാം തിയതിയാണ്. പ്രശാന്തിന്റെയും നവീന്റെയും ഫോൺ രേഖകൾ തെളിവായുണ്ട്. പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത് കൈകൂലി നൽകിയതിനാണെന്നും ഇതിലൂടെ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്നും പി പി ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ പ്രശാന്തിനെ സസ്പെൻഡ് ചെയ്യാൻ കാരണം കൈക്കൂലിയല്ലെന്ന് പ്രോസിക്യൂഷനും വാദിച്ചു. അച്ചടക്ക ലംഘനവും ജോലിയിൽ നിന്നും വിട്ട് നിന്നതുമാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്യാൻ കാരണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കോൾ ഉണ്ടെങ്കിലും കൈക്കൂലി നൽകിയതിന് തെളിവുണ്ടോ? ബാങ്ക് വായ്പ എടുക്കുന്നത് കൈക്കൂലി നൽകാൻ ആണോ എന്ന മറുചോദ്യവും പ്രോസിക്യൂഷൻ ഉന്നയിച്ചു.

content highlights: Court is hearing the bail plea of ​​PP Divya

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us