കൊച്ചി: നിര്‍മാതാവും സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായ ആൻറോ ജോസഫിനെതിരെ നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. ആന്‍റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിച്ചെന്നും ഇവരെപ്പോലുള്ളവരെ രാജാക്കൻമാരായി വാഴിക്കുകയാണെന്നും അവർ റിപ്പോർട്ടറിനോട് പറഞ്ഞു. തന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവർ വളരെ സന്തോഷത്തോടെ നടക്കുകയാണെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ബിൽഡിങ്ങിൽ സിസിടിവിയുണ്ട്. അവിടെ റൂമുകളുണ്ട്. എന്തിനാണ് ഈ റൂമുകളെന്നും അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകൾ കൂടി അന്വേഷിക്കണം. എല്ലാ തെളിവുകളും എസ്ഐടിക്ക് സമർപിച്ചിട്ടുണ്ട്. താൻ നിയമനടപടിയിലേക്ക് പോകുമെന്നും അവർ വ്യക്തമാക്കി.
സാന്ദ്ര തോമസിന്‍റെ വാക്കുകൾ;
പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ബിൽഡിങ്ങിൽ സിസിടിവിയുണ്ട്. അവിടെ റൂമുകളുണ്ട്. എന്തിനാണ് റൂമുകൾ. അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണം. അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകൾ കൂടി അന്വേഷിക്കണം. ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്നതുപോലെ ഒരു ട്രിബ്യൂണൽ വരട്ടെ. എല്ലാ തെളിവുകളും എസ്ഐടിക്ക് സമർപിച്ചിട്ടുണ്ട്. ഞാൻ നിയമനടപടിയിലേക്ക് പോകും. ആന്‍റോ ജോസഫാണ് വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചത്. ഇവരെപ്പോലുള്ളവരെ രാജാക്കാൻമാരായി വാഴിക്കുകയാണ് ചെയ്യുന്നത്. എന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവർ വളരെ സന്തോഷത്തോടെ നടക്കുകയാണ്.
അച്ചടക്കം ലംഘിച്ചുവെന്ന പേരിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിട്ടുണ്ട്. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കിയത്.
content highlights: sandra thomas against anto joseph