സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; പ്രതികാര നടപടിയെന്ന് സാന്ദ്ര

അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

dot image

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്തിൽ പറയുന്നു. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കിയത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ കത്ത് റിപ്പോർട്ടറിന് ലഭിച്ചു. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും, അതിൽ സ്ത്രീകളില്ലെന്നും അവർ റിപ്പോർട്ടറിനോട് പ്രതികരിച്ചു. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും അവർ പറഞ്ഞു. തൻറെ പരാതിക്ക് കാരണം ലൈംഗിക ചുവയോടെ സംസാരിച്ചതാണ്. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു. ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിർമാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് റിപ്പോർട്ടറിനോട് സംസാരിക്കവെ വ്യക്തമാക്കി.

പരാതിക്ക് പിന്നാലെയാണ് പുറത്താക്കൽ. സംഘടനയിൽ സ്ത്രീ സൗഹൃദ അന്തരീക്ഷമില്ല. തന്നെ നിശബ്ദയാക്കാൻ ശ്രമിക്കുന്നതിലൂടെ ബാക്കിയുള്ള സ്ത്രീകളെയും നിശബ്ദരാക്കാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം മുന്നോട്ടുവന്നവരാരും ഇനി പരാതിയുമായി വരരുത് എന്നതാണ് അവരുടെ ലക്ഷ്യമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. ആൻറോ ജോസഫാണ് തന്നെ വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

content highlights: Sandra Thomas has been expelled from the Producers Association

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us