'സന്ദീപ് പറഞ്ഞത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍; വര്‍ഗീയ രാഷ്ട്രീയം ഉപേക്ഷിക്കാതെ ഒന്നും നടക്കില്ല': എം ബി രാജേഷ്

മതനിരപേക്ഷത ജീവ വായുവാണെന്നും അതില്‍ വെള്ളം ചേര്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു

dot image

പാലക്കാട്: ബിജെപി പാലക്കാട് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സന്ദീപ് വാര്യരുമായി സിപിഐഎം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. അതിനുള്ള സാഹചര്യം ഇപ്പോഴില്ല. രാഷ്ട്രീയ നിലപാട് അദ്ദേഹം മാറ്റിയിട്ടില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് പറഞ്ഞതെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

സന്ദീപ് വാര്യര്‍ വര്‍ഗീയ നിലപാട് ഉപേക്ഷിച്ചാല്‍ സ്വീകരിക്കണോ എന്ന കാര്യം പരിഗണിക്കും. വര്‍ഗീയ നിലപാട് ഉപേക്ഷിക്കുകയാണെങ്കില്‍ അത് നിരുത്സാഹപ്പെടുത്തേണ്ടതില്ല. വര്‍ഗീയ രാഷ്ട്രീയം ഉപേക്ഷിക്കാതെ ഒന്നും നടക്കില്ല. മതനിരപേക്ഷത ജീവ വായുവാണ്. അതില്‍ ഇടതുപക്ഷം വെള്ളം ചേര്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു.വെളിപ്പെടുത്തല്‍ ഇടതു പക്ഷക്കാര്‍ക്കെതിരെ ആയിരുന്നെങ്കില്‍ ഇവിടെ ഭൂകമ്പമുണ്ടായേനെ എന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് വിഷയത്തില്‍ മൗനം പാലിക്കുകയാണ്. പ്രതിപക്ഷ നേതാവ് ക്ഷോഭിക്കുകയാണ്. ഒരു വരി കൊണ്ട് നിഷേധിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. വോട്ടിന് മുകളില്‍ ഡീലുണ്ടെന്നും അത് സാമ്പത്തിക വിഷയമാണെന്നും മന്ത്രി പറഞ്ഞു.

വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ തള്ളാത്ത യുഡിഎഫിന്റെ നടപടിയെ മന്ത്രി വിമര്‍ശിച്ചു.

ചോരക്കറ പുരണ്ട എസ്ഡിപിഐയുടെ കൈ പിടിക്കാന്‍ യുഡിഎഫിന് സന്തോഷമാണെന്ന് മന്ത്രി പറഞ്ഞു. ജമാ അത്തെയാണ് യുഡിഎഫിന് പിന്തുണ കൊടുക്കുന്നത്. യുഡിഎഫ് എസ്ഡിപിഐയുടെയും ജമാഅത്തെയുടെയും തടവറയിലാണ്. തിരഞ്ഞെടുപ്പ് നയിക്കുന്നത് തന്നെ എസ്ഡിപിഐയും ജമാ അത്തെയുമാണെന്നും മന്ത്രി വിമര്‍ശിച്ചു. അതിനിടെ പാലക്കാട് തിരഞ്ഞെടുപ്പ് തീയതി നീട്ടിയ നടപടിയെ മന്ത്രി സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പ് തീയതി നീട്ടിയത് കൂടുതല്‍ ആളുകളിലേക്കെത്താന്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്ന് എം ബി രാജേഷ് പറഞ്ഞു. പാലക്കാട് ഇടതു പക്ഷത്തിന് അനുകൂല സാഹചര്യമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights- there is no communication done with sandeep varier says minister m b rajesh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us