മറവിരോഗമുണ്ട്, പൊതുജീവിതം അവസാനിപ്പിക്കുന്നു: കെ സച്ചിദാനന്ദന്‍

നവംബര്‍ ഒന്ന് മുതല്‍ ഓര്‍മക്കുറവ് ബാധിച്ചുതുടങ്ങിയെന്നും അതിനാല്‍ പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുകയാണെന്നുമാണ് കെ സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്

dot image

തൃശ്ശൂര്‍: മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നതായി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡൻറുമായ സച്ചിദാനന്ദന്‍. നവംബര്‍ 1 മുതല്‍ ഓര്‍മക്കുറവ് ബാധിച്ചുതുടങ്ങിയെന്നും അതിനാല്‍ പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുകയാണെന്നുമാണ് കെ സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ അഞ്ചുദിവസത്തോളമായി ആശുപത്രിയിലാണെന്നും ഒക്ടോബര്‍ മാസം നിറയെ പരിപാടികളില്‍ പങ്കെടുത്തതിനാല്‍ സ്ട്രെസ് വല്ലാതെ ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

കവിതയുമായി ബന്ധപ്പെട്ട പരിപാടികളിലെ ഇനി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നും പൊതുയോഗങ്ങള്‍ക്കും മറ്റും ആരും ഇനി വിളിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്‍ എഴുതുമെന്ന് അറിയിച്ചാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, ഞാന്‍ ഏഴ് വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് (transient global amnesia) വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും ( Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവംബര്‍ 1ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പനേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. അഞ്ച് ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു.

ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗംകൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.

content highlights: K Satchidanandan says he is ending public life due to amnesia

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us