പാലക്കാട്: രാഷ്ട്രീയനേതാക്കൾ താമസിച്ചിരുന്ന മുറികളിൽ അർധരാത്രിയുണ്ടായ പൊലീസ് പരിശോധനയിൽ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മ്ലേച്ഛമായ സംഭവമാണെന്നും ഇങ്ങനെ പൊലീസുകാരെ അഴിച്ചുവിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നടന്നത് പൊലീസ് അതിക്രമം. പൊലീസിനെ കയരൂറി വിടുന്നു. പൊലീസ് ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കും
ആണത്തമില്ലാത്ത തെമ്മാടിത്തരമാണ് പൊലീസ് നടത്തിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി. പാലക്കാട്ടേയ്ക്ക് തിരിക്കുമെന്നും തുടർ പ്രതിഷേധ പരിപാടികൾ നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
ആസൂത്രിതമായ സംഭവമായിരുന്നു ഇതെന്നും സുധാകരൻ ആരോപിച്ചു. വനിതാ പ്രവർത്തകരെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിച്ചു. എന്തടിസ്ഥാനത്തിലാണ് അവർ കയറാനുള്ള ധൈര്യം കാണിച്ചത്? മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നുവെന്നും ഈ മ്ലേച്ഛമായ സംഭവത്തിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരൻ പറഞ്ഞു. അന്തസും ആണത്തവുമില്ലാത്ത തെമ്മാടിത്തമാണ് പൊലീസ് കാണിച്ചതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അനധികൃത ഇടപാടില്ലെങ്കിൽ എന്തിനാണ് ഭയക്കുന്നതെന്ന ടിപി രാമകൃഷ്ണന്റെ ചോദ്യത്തിന് അധിക്ഷേപ രൂപത്തിലായിരുന്നു മറുപടി. നേതാക്കന്മാരായാൽ ബുദ്ധിയും വിവരവും ചിന്തിക്കാൻ കഴിവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടൻ പോലത്തെ രാമകൃഷ്ണൻ വായിൽതോന്നിയത് സംസാരിക്കുന്നതല്ല രാഷ്രീയമെന്നും സുധാകരൻ മറുപടി നൽകി.
Content Highlights: K Sudhakaran on palakkad police raid