മലപ്പുറം: രാജ്യത്ത് കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ് പാലക്കാട് ഉണ്ടായതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം പി. പാലക്കാട്ടെ പൊലീസ് പരിശോധന ബിജെപിയുടെ തിരക്കഥയിൽ പിണറായി സംവിധാനം ചെയ്തതെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.
പാലക്കാട് നടന്നത് എല്ലാ നിയമങ്ങളുടെയും ലംഘനമാണെന്നും 12 മണി കഴിഞ്ഞ് റെയ്ഡ് നടത്താൻ എങ്ങനെയാണ് ഉത്തരവ് ഉണ്ടായതെന്നും കെ സി വേണുഗോപാൽ ചോദിച്ചു. ആരാണ് ഉത്തരവ് കൊടുത്തത്. ബിജെപിക്കും സിപിഐഎമ്മിനും എങ്ങനെ വിവരം കിട്ടിയെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
സ്ത്രീത്വത്തിന് എതിരെയുള്ള കടന്നാക്രമണമാണ് നടന്നത്. ഇതിനെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു. സ്ത്രീകളുടെ ബെഡ് റൂമിൽ കയറാൻ ആരാണ് അനുവാദം കൊടുത്തതെന്ന് ചോദിച്ച കെ സി വേണുഗോപാൽ സംഭവത്തിന് ശേഷം ഫോൺ വിളിച്ചപ്പോൾ ഷാനി മോൾ ഉസ്മാൻ കരയുകയായിരുന്നെന്നും പറഞ്ഞു.
കള്ളപ്പണ മാഫിയ ഉള്ളത് ബിജെപിയിൽ. എന്നിട്ട് സിപിഐഎം അവരുമായി ഡീൽ ഉണ്ടാക്കുന്നു. കൊടകര സംഭവം മറച്ചുപിടിക്കാനുള്ള ശ്രമമാണ് നടന്നതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.ഇന്നലെ രാത്രി പാലക്കാട് കെപിഎം റീജൻസി ഹോട്ടലിൽ നടന്ന പരിശോധനയിൽ പൊലീസിന് ഒന്നും കണ്ടെത്താനായിരുന്നില്ല. ഒരുഘട്ടത്തിൽ ഹോട്ടലിൽ തടിച്ച് കൂടിയ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. ആദ്യ ഘട്ടത്തിൽ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാൽ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി.
Content Highlights: K C Venugopal slams CPIM in Palakkad issue