പാലക്കാട്: മുതിർന്ന സിപിഐഎം നേതാവും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ പുകഴ്ത്തി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ. നിയമസഭ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വി എസ് അച്യുതാനന്ദൻ എൽഡിഎഫ് സ്ഥാനാർഥിയായിരിക്കെ എതിരാളിയായി പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ മത്സരിച്ചിരുന്നു. അതിലൂടെയാണ് കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അന്ന് തിരഞ്ഞെടുപ്പ് കലാശക്കൊട്ടിന്റെ തലേന്ന് തന്റെ അമ്മ മരിച്ചപ്പോൾ രാഷ്ട്രീയ എതിരാളിയായ വി എസ് തന്റെ വീട്ടിൽ എത്തിയെന്നും ആശ്വസിപ്പിച്ചെന്നും കൃഷ്ണകുമാർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യരുടെ വിശദീകരണം. താൻ ഇപ്പോഴും ബഹുമാനിക്കുന്ന നേതാവാണ് വി എസ് എന്നാണ് കൃഷ്ണകുമാർ പറയുന്നത്.
‘ വി എസ് കാണിച്ചത് യഥാർഥ സംസ്കാരം. ഇത്രയേ ഞാനും പറഞ്ഞുള്ളൂ…’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ സന്ദീപ് വാര്യരുടെ പ്രതികരണം. വി എസ് കാണിച്ചത് യഥാർഥ സംസ്കാരമാണെന്നും സന്ദീപ് കുറിച്ചു.
സി കൃഷ്ണകുമാറിൻറെ അഭിമുഖ ഭാഗം പങ്കുവെച്ചുകൊണ്ടാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
‘വി എസ് കാണിച്ചത് യഥാർഥ സംസ്കാരം. രാഷ്ട്രീയ എതിരാളി എന്നത് ഒരിക്കൽപോലും അമ്മയുടെ മരണ സമയത്ത് ആശ്വസിപ്പിക്കാൻ ഒരു തടസ്സമാകരുത്. വി.എസിന്റെ സന്ദർശനം കൃഷ്ണകുമാർ ഏട്ടൻറെ മനസ്സിൽ ഇന്നും നിൽക്കുന്നതിന്റെ കാരണം ആ മുതിർന്ന നേതാവ് കാണിച്ച സൗമനസ്യമാണ്. ഇത്രയേ ഞാനും പറഞ്ഞുള്ളൂ’.
പാർട്ടിയുമായി പിണങ്ങിനില്‍ക്കുന്ന സന്ദീപ് വാര്യർ നിലപാടിലുറച്ചും സുരേന്ദ്രനെതിരെ വിമർശനമുന്നയിച്ചും വീണ്ടും രംഗത്തെത്തിയിരുന്നു. തന്റെ പരാതി പരിഹരിക്കാനുള്ള സമീപനം സുരേന്ദ്രനില്ലെന്നും അദ്ദേഹം സാമാന്യമര്യാദ കാണിക്കണമെന്നുമാണ് സന്ദീപ് വാര്യർ പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിച്ച സന്ദീപ് വാര്യരുടെ വാക്കുകളിലെല്ലാം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് ഉണ്ടായിരുന്നത്. താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഒരു നടപടിയുമുണ്ടായില്ല. ചിലർ പുറത്തുപോയാൽ ഒന്നും സംഭവിക്കില്ല എന്ന് സുരേന്ദ്രൻ പറഞ്ഞത് ദൗർഭാഗ്യകരമാണ്. പ്രവർത്തകരെ പുറത്തുപോകാൻ വിടുന്നതല്ല, സംഘടനയ്ക്ക് ഒപ്പം നില നിർത്തുക എന്നതാണ് ക്വാളിറ്റി. പ്രശ്നം പരിഹരിക്കണമെന്ന ഒരു സമീപനവും സുരേന്ദ്രനില്ലെന്നും ഈ നിലപാട് ദൗർഭാഗ്യകരമെന്നും സന്ദീപ് വാര്യർ തുറന്നടിച്ചു.
content highlights: BJP state committee member Sandeep Warrier praised VS Achuthanandan