അന്‍വറിന്റെ അനുഭവം മറക്കരുത്;പി സരിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഐഎം വഞ്ചിയൂര്‍ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഐഎം ആലപ്പുഴ ഏരിയ സമ്മേളനത്തിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

dot image

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് വിട്ടു വന്ന പി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഐഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം. പി വി അന്‍വറിന്റെ അനുഭവം മറക്കരുതെന്നാണ് വിമര്‍ശനം. ഇന്നലെ വരെ കോണ്‍ഗ്രസ് ആയിരുന്ന ആളാണ് സരിനെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

ഈ വിമര്‍ശത്തിന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി കടകംപള്ളി സുരേന്ദ്രനാണ് മറുപടി നല്‍കിയത്.സരിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി സ്വീകരിച്ച അടവുനയത്തിന്റെ ഭാഗമാണെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മറുപടി.

സിപിഐഎം ആലപ്പുഴ ഏരിയ സമ്മേളനത്തിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏരിയാ കമ്മിറ്റിക്ക് നേരെയായിരുന്നു വിമര്‍ശനം. ഏരിയ കമ്മിറ്റിയില്‍ കച്ചവട, മാഫിയ താത്പര്യമുള്ളവരും ഉള്‍പ്പെടുന്നതായാണ് വിമര്‍ശനം. അഡ്ഹോക്ക് കമ്മിറ്റി പിരിച്ചു വിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമായാണെന്നും ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മെറിറ്റ് ഉള്ളവരെ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയെന്നും ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അമിത ന്യൂനപക്ഷ പ്രീണനം പാരമ്പര്യ പാര്‍ട്ടി വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കി. പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായി. ജില്ലയിലെ ഒരു വിഷയത്തിലും ജില്ലാ-ഏരിയാ കമ്മിറ്റികള്‍ ഇടപെടുന്നില്ലെന്നും ഏരിയ സമ്മേളനം കുറ്റപ്പെടുത്തി. ഇന്നലെയാണ് സിപിഐഎം ആലപ്പുഴ ഏരിയ സമ്മേളനത്തിന് തുടക്കമായത്.

Content Highlights: Criticism at the CPIM Vanchiur Area Conference on the nomination of P Sarin

dot image
To advertise here,contact us
dot image