'പാലക്കാട് രാഹുലിന് അനുകൂല സാഹചര്യം; സിജെപിയെ പരാജയപ്പെടുത്തും'; ഷാഫി പറമ്പില്‍ ക്ലോസ് എന്‍കൗണ്ടറില്‍

പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് അത് മനസിലായിട്ടില്ലെന്ന് ഷാഫി

dot image

പാലക്കാട്: പാലക്കാട് എല്ലാ ഘടകങ്ങളും രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട് 'സിജെപി'യെ ജനങ്ങള്‍ പരാജയപ്പെടുത്തും. പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് അത് മനസിലായിട്ടില്ല. പല വിഷയങ്ങളും സിപിഐഎം മറയ്ക്കുകയാണ്. ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്നതും കര്‍ഷക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നില്ലെന്നും ഷാഫി പറമ്പില്‍ റിപ്പോര്‍ട്ടര്‍ ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു.

പാലക്കാട്ടെ കള്ളപ്പണ വിവാദത്തിലും ഷാഫി പ്രതികരിച്ചു. ആരോപണം ഉന്നയിച്ചവര്‍ക്ക് വലിയ തിരിച്ചടിയാണ് സംഭവിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ പറഞ്ഞത് തന്റെ നാടകമാണെന്നാണ്. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി സരിന്റെ ആരോപണം തള്ളി. വിഷയത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയും സ്ഥാനാര്‍ത്ഥിയും രണ്ട് തട്ടിലാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സംഭവ ദിവസം രാത്രി 12.14 ന് ബിന്ദു കൃഷ്ണ വിളിക്കുമ്പോഴാണ് താന്‍ സംഭവം അറിയുന്നതെന്നും ഷാഫി പറഞ്ഞു. തൊട്ടടുത്ത നിമിഷം വി കെ ശ്രീകണ്ഠനെ വിളിച്ചു. താനും ശ്രീകണ്ഠനും ആദ്യം പോയത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്കാണ്. അവിടെവെച്ചാണ് കള്ളപ്പണമെന്നും റെയ്‌ഡെന്നുമുള്ള വാര്‍ത്തകള്‍ കാണുന്നത്. ബോധപൂര്‍വം മാധ്യമങ്ങളെ ആക്ഷേപിച്ചിട്ടില്ല. സീനോ സംഘര്‍ഷമോ അല്ല ഉദ്ദേശിച്ചത്. റെയ്ഡിന് പിന്നാലെ വലിയ സംശയങ്ങളാണ് രൂപപ്പെട്ടത്. റെയ്ഡ് ചെയ്തതിന്റെ റിപ്പോര്‍ട്ട് വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. റെയ്ഡ് ചെയ്തിട്ട് എന്ത് കിട്ടി എന്ന് ജനങ്ങളോട് പറയാന്‍ പൊലീസ് ബാധ്യസ്ഥരാണെന്നും ഷാഫി പറഞ്ഞു.

വനിതാ നേതാക്കളുടെ ബാഗ് പുരുഷ പൊലീസുകാര്‍ പരിശോധിക്കുന്ന സാഹചര്യമുണ്ടായി. അതിനെ ആണ് എതിര്‍ത്തതെന്ന് ഷാഫി പറഞ്ഞു. സിവില്‍ വസ്ത്രത്തില്‍ വന്നാല്‍ ശരി തമ്പ്രാനെ എന്ന് പറഞ്ഞ് മുറി തുറന്നുകൊടുക്കുകയാണോ ചെയ്യേണ്ടതെന്ന് ഷാഫി ചോദിച്ചു. സിപിഐഎം നേതാകള്‍ സഹകരിച്ചെന്ന് കരുതി വനിതാ നേതാക്കള്‍ അങ്ങനെ ചെയ്യണമെന്നാണോ?. വനിതാ നേതാക്കള്‍ക്കെതിരായ നടപടിയില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ഷാഫി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാതെ റെയ്ഡ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. വിഷയം ജില്ലാ കളക്ടര്‍ പരിശോധിക്കണമെന്നും ഷാഫി പറഞ്ഞു.

മന്ത്രി എം ബി രാജേഷ് ബിജെപിയുടെ ലൗഡ് സ്പീക്കറാകുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ബിജെപി പറയുന്ന കാര്യങ്ങള്‍ മന്ത്രിയും സിപിഐഎമ്മും ഏറ്റെടുക്കുകയാണ്. പാലക്കാട്ടെ സംഭവത്തില്‍ സിപിഐഎമ്മിന്റെ പ്ലാന്‍ പാളിപ്പോയെന്നും ഷാഫി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മുഴുവന്‍ തങ്ങളോടാണ്. ചോദ്യങ്ങളില്‍ തങ്ങള്‍ അസ്വസ്ഥരല്ല. ജില്ലാ സെക്രട്ടറി ഓരോ ദിവസവും കാര്യങ്ങള്‍ മാറ്റിപ്പറയുകയാണ്. മാധ്യമങ്ങള്‍ അക്കാര്യം ചോദിക്കുന്നില്ലെന്നും ഷാഫി പറഞ്ഞു. അതേസമയം കൊടകര കുഴല്‍പ്പണ വിവാദത്തിലെ പരാതിക്കാരന്‍ ധര്‍മരാജനെ അറിയില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Content Highlights- shafi parambil mp reaction on palakkad black money controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us