മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാതായതായി പരാതി. മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്നും ഇറങ്ങിയത്. വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് യാതൊരു വിവരവുമില്ല. കുടുംബം തിരൂർ പൊലീസിൽ പരാതി നൽകി. കോഴിക്കോടാണ് അവസാന മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞു.
എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു മറുപടി. പിന്നീട് ചാലിബിനെ വിളിച്ചിട്ട് കിട്ടിയില്ല. പൊലീസ് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു പരിശോധന നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ കടുംബം തിരൂർ പോലീസിൽ പരാതി നൽകി.
രാത്രി പതിനൊന്ന് മണിയോടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് ഇന്ന് രാവിലെ 6.55-ന് ഫോൺ ഓണായി. എന്നാൽ ഉടൻ തന്നെ ഓഫായി. രാവിലെ ഫോൺ ഓൺ ആയപ്പോഴാണ് ടവർ ലൊക്കേഷൻ കോഴിക്കോട് എന്ന് കാണിച്ചത്.ഫോൺ മറ്റാരുടെയോ കയ്യിലാണെന്നാണ് കുടുംബത്തിന്റെ സംശയം.
വീട്ടിലറിയിക്കാതെ മറ്റൊരിടത്തും പോകാറില്ല; ഓഫീസ് ജോലികളിൽ കൃത്യത: ബന്ധു
കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി ബി ചാലിബ് വീട്ടിലറിയിക്കാതെ മറ്റൊരിടത്തും പോകാറില്ലെന്ന് ബന്ധു പ്രദീപ് കുമാർ. ദേശീയപാത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഒരു സർവേയ്ക്ക് പോയതായി ഓഫീസിലുള്ളവർ പറഞ്ഞുവെന്നും അതുമായി ബന്ധപ്പെട്ടാണോ ഈ മിസ്സിംഗ് എന്ന് സംശയമുണ്ടെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.
വൈകിട്ട് 5.11-ന് ഓഫീസ് വിട്ടിറങ്ങി. ശേഷം 5.48-ന് ഭാര്യ വിളിച്ചപ്പോൾ മകൾക്ക് ഓറഞ്ച് വാങ്ങിക്കൊണ്ടുവരാമെന്നു പറഞ്ഞു. റെയ്ഡിലാണ്, ഭക്ഷണം കഴിച്ച് കിടന്നോളൂ എത്താൻ വൈകുമെന്ന് പറഞ്ഞു. പിന്നീട് വിവരമൊന്നുമുണ്ടായില്ല. ഇന്ന് പൊലീസ് പറഞ്ഞത് അൽപം ക്രിമിനൽ പശ്ചാത്തലമുള്ള ആൾ നിരന്തരമായി വിളിച്ചിരുന്നു എന്നാണ്. അയാളെ പൊലീസ് ട്രെയ്സ് ചെയ്യുന്നുണ്ട്. ജോലി കൃത്യതയോടെ ചെയ്യുന്ന ഒരാളാണ്. ദേശീയപാത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഒരു സർവേയ്ക്ക് പോയതായി ഓഫീസിലുള്ളവർ പറഞ്ഞു. അതുമായി ബന്ധപ്പെട്ടാണോ ഈ മിസ്സിംഗ് എന്ന് സംശയമുണ്ട്. വ്യക്തിപരമായ ഭീഷണിയൊന്നും ഉണ്ടായിരുന്നതായി അറിവില്ല. ഭാര്യ ടീച്ചറാണ്. മലപ്പുറം കളക്ടറേറ്റിലായിരുന്നു മുമ്പ് ജോലി ചെയ്തിരുന്നത്. വീട്ടിലറിയിക്കാതെ മറ്റൊരിടത്തും പോകാറില്ല. ഓഫീസ് ജോലികളിലും അത്രയേറെ കമ്മിറ്റഡായ ആളാണ്. പുറത്തുനിന്ന് ഭക്ഷണം കഴിക്കാറില്ല.
content highlights: Tirur Deputy Tehsildar is missing