തിരുവനന്തപുരം: പി പി ദിവ്യയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പാർട്ടിയും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി മലയാലപ്പുഴയിൽ എത്തിയപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ശരിയായ തീരുമാനം തന്നെ പാർട്ടിയും സർക്കാരും എടുക്കുമെന്നും ഉദയഭാനു പറഞ്ഞു.
റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വരാനിരിക്കെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത് നടപടി തീരുമാനിക്കുകയായിരുന്നു. ദിവ്യയുടെ ഭാഗം കൂടി കേട്ടതിനു ശേഷം നടപടി മതിയെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പക്ഷേ ഭൂരിപക്ഷം പേരും സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി.
വിധി ദിവ്യക്ക് അനുകൂലമായാലും പ്രതികൂലമായാലും ഉപതെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടി പ്രതിരോധത്തിലാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നുള്ള നടപടി. കോടതി ജാമ്യം നല്‍കിയാല്‍ പ്രോസിക്യൂഷനെതിരെ കുടുംബം ശക്തമായ വിമര്‍ശനം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. കോടതിവിധി മറിച്ചായാലും പാര്‍ട്ടിക്കാകും തലവേദന. അതുകൊണ്ടാണ് ദിവ്യക്കെതിരായ ധൃതിപിടിച്ചുള്ള പാര്‍ട്ടി നടപടി. പത്തനംതിട്ട സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദവും നടപടിക്ക് കാരണമായിട്ടുണ്ട്.
അതേസമയം പി പി ദിവ്യയ്ക്ക് ഇന്ന് കോടതി ജാമ്യം അനുവദിക്കില്ലെന്ന പ്രതീക്ഷയിലാണ് നവീൻ ബാബുവിന്റെ കുടുംബം. നവീൻ ബാബു കൈക്കൂലി നൽകുന്നതിൻ്റെ തെളിവുകൾ ഇല്ലെന്നും സാഹചര്യത്തെളിവുകൾ മാത്രമേ ഉള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ തീരുമാനം.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Pathanamthitta cpim district secretary KP Udayabhanu says don't know about party's action against PP Divya