തിരുവനന്തപുരം: സംസ്ഥാനത്തെ ഹിന്ദു മതത്തില്‍ നിന്നുള്ള ഐഎഎസുകാരെ ഉള്‍പ്പെടുത്തി ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ വാദം പൊളിയുന്നു. തന്റെ ഫോണ്‍ ഹാക്ക് ചെയ്താണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ വാദങ്ങളാണ് പൊളിയുന്നത്. ഗോപാലകൃഷ്ണന്റെ ഫോണില്‍ ഹാക്കിംഗ് നടന്നിട്ടില്ലെന്നാണ് മെറ്റ ആവര്‍ത്തിക്കുന്നത്.
മറ്റൊരു ഐ പി അഡ്രസ് ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്നും മെറ്റ അന്വേഷണ സംഘത്തിന് മറുപടി നല്‍കി. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലന്നും മെറ്റ അറിയിച്ചു. രണ്ട് ഫോണുകളുടെയും ഫൊറന്‍സിക് പരിശോധന ഫലം ഉടന്‍ ലഭിക്കും. പരിശോധന ഫലം വന്നതിന് ശേഷമായിരിക്കും തുടര്‍ നടപടി. ഫലം ലഭിച്ചാല്‍ ഉടന്‍ പൊലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.
കെ ഗോപാലകൃഷ്ണനെ അഡ്മിനാക്കിയാണ് മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തുവെന്നും വാട്‌സ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഉടനെ ഫോണ്‍ മാറ്റുമെന്നും ഗോപാലകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. തുടര്‍ന്ന് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് കെ ഗോപാലകൃഷ്ണന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തന്റെ അറിവോടെയല്ല സംഭവമെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. തന്റെ പേരില്‍ 11 ഗ്രൂപ്പുകള്‍ രൂപീകരിച്ചുവെന്നും മല്ലു മുസ്ലിം എന്ന പേരിലും ഗ്രൂപ്പുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നത്.
Content Highlights: Hindu IAS officers group Meta says that there is no hacking in Gopalakrishnan phone