തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പൊലീസ് അറിഞ്ഞുകൊണ്ടാണ് ദിവ്യ ഒളിവിൽ കഴിഞ്ഞതെന്നും ആ സംരക്ഷണത്തിൽ ഇനി മുന്നോട്ടു പോകാമെന്ന് കരുതേണ്ടെന്നും സുധാകരൻ പറഞ്ഞു. ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. കുടുംബക്കാർ തെരുവിലായി. ഇതിനിടയ്ക്കാണ് ദിവ്യക്ക് ജാമ്യം ലഭിച്ചത്. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ പോകാൻ പാടില്ലായിരുന്നു. ആവശ്യം ഇല്ലാതെയാണ് ദിവ്യ ഓരോന്ന് കുത്തിപ്പൊക്കിയത്. ജാമ്യം കിട്ടിയതുകൊണ്ട് അവർ ഇതിൽ നിന്നും മോചിതയായി എന്നല്ലെന്നും നവീൻ ബാബുവിൻറെ കുടുംബത്തോടൊപ്പം കോൺഗ്രസ് എല്ലാ കാലത്തും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ കുഴൽപ്പണ വിവാദത്തിലും സുധാകരൻ പ്രതികരിച്ചു. മൂന്നുപെട്ടി കണ്ടാൽ അത് കള്ളപ്പണമാണെന്ന് പറയും. തങ്ങൾ അഴിമതിക്കാരോ കള്ളപ്പണവുമായി ജീവിക്കുന്നവരോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആദ്യമായി എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. തലശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം നൽകിയതിന് പിന്നാലെ 11 ദിസങ്ങൾക്ക് ശേഷം ഇന്നാണ് ദിവ്യ ജയിലിൽ നിന്നിറങ്ങിയത്. കണ്ണൂർ വനിതാ ജയിലിന് പുറത്ത് നിന്നായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. നവീൻ ബാബുവിന്റെ മരണത്തിൽ അതിയായ ദുഖമുണ്ടെന്ന് പി പി ദിവ്യ പറഞ്ഞു. ജനപ്രതിനിധിയായ 14 വർഷം എല്ലാവരോടും സഹകരിച്ച് പോകുന്ന ഒരാളാണ് താനെന്നും ദിവ്യ പ്രതികരിച്ചു. നിയമത്തിൽ വിശ്വാസമുണ്ടെന്നും നിരപരാധിത്വം തെളിയിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. അഭിഭാഷകനും പാര്‍ട്ടി നേതാക്കളുമാണ് ദിവ്യയെ കണ്ണൂര്‍ വനിതാ ജയിലിന് പുറത്ത് സ്വീകരിച്ചത്.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Content Highlights: K Sudhakaran against PP Divya's bail