ദിവ്യ സിപിഐഎമ്മിന്റെ കേഡർ; തെറ്റ് പറ്റി, തിരുത്തും, മുന്നോട്ട് പോകും: എം വി ​ഗോവിന്ദൻ

'കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം'

dot image

തിരുവനന്തപുരം: പി പി ദിവ്യക്ക് തെറ്റ് പറ്റിയെന്നും ആ തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കേഡറെ കൊല്ലാനല്ല തിരുത്താനാണ് ശ്രമിക്കുന്നത്. ദിവ്യക്കെതിരായ നടപടികൾ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പം ആണെന്ന് നിലപാട് സിപിഐഎം സ്വീകരിച്ചിരുന്നു. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് റെയ്ഡ് നടന്നതോടെ ഇടതുപക്ഷത്തിന് ശുക്രദശ ആരംഭിച്ചുവെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. റെയ്ഡിന് ശേഷം കോൺഗ്രസിൻ്റെ ശുക്രദശ മാറി. റെയ്ഡ് നടത്തും മുമ്പ് നടപടി പാലിച്ചില്ലെന്ന കലക്ടറുടെ റിപ്പോർട്ടിനെയും അദ്ദേഹം വിമർശിച്ചു. നടപടി ക്രമം പാലിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. റെയ്ഡ് ​ഗുണം ചെയ്തത് എൽഡിഎഫിനാണ്.

Also Read:

അതേസമയം പി പി ദിവ്യയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതികരിച്ചു. പാർട്ടിയും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി മലയാലപ്പുഴയിൽ എത്തിയപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ശരിയായ തീരുമാനം തന്നെ പാർട്ടിയും സർക്കാരും എടുക്കുമെന്നും ഉദയഭാനു പറഞ്ഞു.

റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വരാനിരിക്കെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത് പിന്നാലെ. അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ചുചേർത്ത് നടപടി തീരുമാനിക്കുകയായിരുന്നു. ഇന്ന് വിധി പ്രസ്താവനയിൽ പി പി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ തീരുമാനം.

Content Highlight: MV Govindan says Divya is cadre, mistakes will be rectified and will move on

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us